തകർന്ന ദേശീയ പാത; ദുരന്തങ്ങള്‍ ആവർത്തിക്കുന്നു, കുഞ്ഞു മോൻ മിൽഹാജ് അധികാരികളുടെ അനാസ്ഥയുടെ ഇര


കാസർകോട് ജൂലൈ 23, 2018 • ഞായറാഴ്ച രാത്രി അടുക്കത്ത് ബയലിൽ കൂട്ട വാഹനാപകടത്തിൽ മരിച്ച മിൽഹാജ് പൊട്ടിപ്പൊളിഞ്ഞ ദേശിയ പാതയുടെ രക്തസാക്ഷി. ചൗക്കി സ്വദേശി റജീശിന്റെയും ചെമ്മനാട് സ്വദേശി മഹ്‌സൂമയുടെയും രണ്ടാമത്തെ മകനാണ് അഞ്ച് വയസ്സുകാരൻ മിൽഹാജ്. റോയൽ എൻഫീൽഡ് ബൈക്കിൽ പിതാവിന്റെ പിറകിൽ സഹോദരൻ ഏഴ് വയസ്സുകാരൻ ഷാജിലിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു മിൽഹാജ്. റജീശും മൂത്ത മകൻ ഷാജിലും ഗുരുതര പരിക്കുകളോടെ മംഗളൂറുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

കാസറഗോഡ് മുതൽ മഞ്ചേശ്വരം വരെ പരിതാപകരമാണ് ദേശീയ പാതയുടെ അവസ്ഥ. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ചെറിയ ചെറിയ കുഴികൾ രൂപപ്പെട്ടിരുന്നു. ആ സമയത്ത് അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിൽ ഈ ദുർഗതി വരില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെ റോഡിലെ കുഴികളുടെ ആഴവും പരപ്പും കൂടിക്കൂടി വന്നു. ഒരുപാട്‌ അപകടങ്ങളാണ് ഈ പാതയിൽ ദിവസവും നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇന്നലെ നടന്ന അപകടത്തിന് ഏതാനും കിലോമീറ്ററുകൾ അപ്പുറത്തുള്ള കല്ലങ്കൈയിൽ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചിരുന്നു. കുഴികൾ നിറഞ്ഞ പല ഭാഗത്തും റോഡ് തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇത് കണ്ട് നിരവധി ക്ളബ്ബ്കളും കൂട്ടായ്മകളും കുഴിയടാക്കുന്നത് പതിവാണ്. അപകടം സംഭവിച്ച ഭാഗത്തും ഒഴിവ് ദിനമായ ഞായറാഴ്ച യുവാക്കൾ സേവന സന്നദ്ധരായി പണികളിൽ ഏർപ്പെട്ടിരുന്നു. പല സംഘടനകളും വാട്‌സ്ആപ്പ് കൂട്ടായ്മയും പ്രക്ഷോഭവുമായി രംഗത്തുണ്ട്. 

അറ്റകുറ്റ പണിക്കായി ടെണ്ടർ വിളിച്ചിരുന്നു വെങ്കിലും പെർവാട് മുതൽ ചെർക്കളം വരെയുള്ള ഭാഗം കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. ടെൻഡർ നടപടിക്രമങ്ങളൊന്നും ഇല്ലാതെ നേരിട്ട് പ്രത്യേക ഉത്തരവിറക്കി ദേശിയ പാത ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read:-  അടുക്കത്ത് ബയലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കുട്ടി മരിച്ചു. നിരവധി പേർക്ക് പരിക്ക്

kasaragod-adkathbayal-accident