മൊഗ്രാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഭാഷാ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു


മൊഗ്രാൽ ജൂലൈ 25, 2018 • മൊഗ്രാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഭാഷാ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. വായനയും രാഷ്ട്രീയവും സ്ത്രീകൾ അകറ്റി നിർത്തേണ്ട കാര്യങ്ങളല്ലെന്നും അവയെ പുണർന്നു കൊണ്ട് വേണം അവർ പൊതുധാരയിലേക്ക് വരാനെന്നും കുമ്പള പഞ്ചായത്ത് മെമ്പറും സാഹിത്യകാരിയുമായ ഫാത്തിമ അബ്ദുല്ല കുഞ്ഞി അഭിപ്രായപ്പെട്ടു. മൊഗ്രാൽ ഗവ. സ്ക്കൂളിൽ വിവിധ ഭാഷാക്ലബുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. 

പഠനത്തിൽ സമൂഹം പിന്നോക്കം നിന്ന പഴയ കാലത്ത് വിദ്യാഭ്യാസം നേടുന്നതിന് സ്ത്രീകൾ അനുഭവിച്ച ത്യാഗങ്ങളെ അന്വേഷിക്കാനും അതിൽ നിന്ന് ഊർജ്ജമുൾക്കൊള്ളാനും പുതിയ കാലത്തെ കുട്ടികൾ പരിശ്രമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 

തുടർന്ന് സ്ക്കൂളിലെ ഇംഗ്ലീഷ്, ഹിന്ദി ക്ലബുകൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകൾ പ്രകാശനം ചെയ്തു. അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ച കുട്ടികൾക്ക് അറബിക് ക്ലബിന്റെ ഉപഹാരം ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് സിദ്ദിഖ്‌ റഹ്മാൻ സമർപ്പിച്ചു. 

ഹെഡ്മാസ്റ്റർ മനോജ്കുമാർ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ എസ്. എം. സി. ചെയർമാൻ അഷ്റഫ് പെർവാഡ്, എംപിടിഎ പ്രസിഡന്റ് താഹിറ എം, സ്റ്റാഫ് സെക്രട്ടറി ശിഹാബ് മൊഗ്രാൽ, അദ്ധ്യാപകരായ ഇന്ദിര എം. കെ, അബ്ദുറഹ്മാൻ റിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകൻ ഷിബു. കെ. സ്വാഗതവും വിദ്യാർത്ഥിനി ഫാതിമത്ത് റഫീന നന്ദിയും പറഞ്ഞു.

fathma, abdulla, news, mogral, kasaragod,higher-secondary-school-mogral