മഴ ശമിച്ചു; ഷിറിയ പുഴ കരയൊഴിഞ്ഞു


കുമ്പള ജൂലൈ 09, 2018 • വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായി പെയ്ത മഴയെത്തുടർന്ന് ഓരങ്ങളിലെ വയലുകളിലും തോട്ടങ്ങളിലും കയറി നാശം വിതച്ച ഷിറിയ പുഴ ഞായറാഴ്ച കരയൊഴിഞ്ഞു. മഴ ശമിച്ചതോടെ ജലനിരപ്പ് താഴ്ന്നുവെങ്കിലും പുഴയിപ്പൊഴും രൗദ്ര ഭാവത്തിൽ തന്നെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച പുലർച്ചയോടെ ബംബ്രാണ വയലിൽ വെള്ളം കയറി റോഡ് വെളളത്തിനടിയിലായി. ഉച്ചയ്ക്ക് ശേഷം വെള്ളം പിൻ വാങ്ങിയതിനെത്തുടർന്നാണ് വാഹനങ്ങൾക്ക് കടന്നു പോകാനായത്.

രാവിലെ ഉപ്പളയിൽ നിന്നും അഗ്നിശമന സേന സ്ഥലം സന്ദർശിച്ച് ഷിറിയ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. മാറിപ്പോകാൻ വീടില്ലാത്തവർക്ക് മുറികൾ ഏർപ്പാട് ചെയ്യാമെന്നും സേന അറിയിച്ചു. എന്നാൽ ആരും തന്നെ മാറിത്താമസിക്കാൻ തയ്യാറായില്ല. ഉച്ചയ്ക്ക് മുമ്പ് തീരദേശത്തേക്കുള്ള റോഡും വയലിലെ പളളി മുറ്റവും മുങ്ങിയെങ്കിലും ഉച്ചയ്ക്കു ശേഷം വെള്ളം ഇറങ്ങിത്തുടങ്ങി. അതു വരെ ചട്ടത്തൂർ ബത്തേരി ഭാഗത്തു കൂടിയാണ് പ്രദേശത്തുള്ളവർ യാത്ര ചെയ്തത്.

heavy-rain-shiriya-river,