കനത്ത മഴ; മംഗളൂരു നേത്രാവതി പുഴയിൽ ജലനിരപ്പ് അപകട രേഖക്ക് മുകളിൽ, തുമ്പെയിൽ ഡാമിന്റെ ഒരു ഭാഗത്ത് വിള്ളൽ, രണ്ടു ദിവസം കൂടി മഴ തുടർന്നേക്കും


മംഗളുരു, ജൂലൈ 07, 2018 • ഇന്നലെ മുതൽ തുടങ്ങിയ മഴ തെക്കൻ കർണ്ണാടകയിലെ തീരദേശ ജില്ലകളിൽ നിർത്താതെ തുടരുകയാണ്. ഉഡുപ്പി ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയെത്തുടർന്ന് മംഗളൂരുവിലെയും ഉഡുപ്പിയിലെയും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ച ഉച്ചക്ക് ശേഷം പ്രവർത്തിച്ചില്ല. നേത്രാവതി പുഴയിൽ ജലനിരപ്പ് അപകടകരമായി ഉയരുകയാണ്. മംഗളുരുവിന് സമീപം തുമ്പെയിൽ അണക്കെട്ടിന്റെ ഒരു ഭാഗം തകർന്നു. ഇന്ന് വൈകുന്നരം നാലു മണിയോടെയാണ് പമ്പ് ഹൗസിന് സമീപം അണക്കെട്ടിൽ വിള്ളൽ കണ്ടെത്തിയത്. ഇത് ബണ്ട്വാൾ, മംഗളൂരു താലൂക്കുകളിലെ ആയിരത്തോളം കുടുംബങ്ങളെ ആശങ്കയിലാഴ്ത്തി.

അതിനിടെ മംഗളൂരു - ഉഡുപ്പി ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. മംഗളൂരുവിൽ നിന്നും ഉഡുപ്പിയിലേക്ക് ദേശീയ പാത വഴിയുള്ള ഗതാഗതം ഒഴിവാക്കാനാണ് നിർദേശം. പകരം സംസ്ഥാന പാതയിലൂടെ പഡുബിദ്രെ - ക്ടപാടി വഴി പോകാനാണ് ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. കനത്ത മഴുമൂലം മംഗളൂരുവിനും ഉഡുപ്പിക്കുമിടയിൽ പല സ്ഥലങ്ങളിലും  ദേശീയ പാത വെള്ളത്തിനടിയിലായിട്ടുണ്ട്.

mangluru, heavy, rain,