കേരള വിപണിയിൽ ആധിപത്യ ലക്ഷ്യവുമായി വിദേശ പഴങ്ങളെത്തി


കുമ്പള, ജൂലൈ 21, 2018 • ചക്കയുടെയും മാങ്ങയുടെയും രുചിഭേദങ്ങളെ ആസ്വദിച്ച മലയാളികളുടെ നാക്കിനെ പണയത്തിലെടുക്കാനുള്ള ലക്ഷ്യത്തോടെ വിദേശ ഫലങ്ങൾ കേരള പഴം വിപണി കൈയ്യടക്കുന്നു. ജന്മം കൊണ്ടും വ്യാപനം കൊണ്ടും തികച്ചും അന്യരാജ്യക്കാരായ ഡ്രാഗൺ ഫ്രൂട്ട്, ചെറി, റംബൂട്ടാൻ, കിവി എന്നിവയാണ് മലയാളിയുടെ തീൻമേശകളിലേക്ക് അതിഥികളായി എത്തിയിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നും കടൽ കടന്നെത്തുന്നതും പറന്നിറങ്ങുന്നതുമായ ഈ പഴങ്ങൾ മഹാരാഷ്ട്ര വഴിയാണ് കേരളത്തിലെത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോരങ്ങളിലും കവലകളിലും വാഹനങ്ങളിൽ എത്തിച്ചാണ് പഴങ്ങൾ വിൽപന നടത്തുന്നത്. അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ ഇഷ്ട ഫലമായ ഡ്രാഗൺ ഫ്രൂട്ട്, മലേഷ്യ, ഇന്തോനേഷ്യ രാജ്യങ്ങളിൽ വ്യാപകമായി കായ്ച്ചു വരുന്ന റംബുട്ടാൻ, എന്നിവയാണ് കിലോ ഇരുന്നൂറു രൂപ നിരക്കിൽ വഴിയോരങ്ങളിൽ വിൽപനയ്ക്ക് വച്ചിട്ടുള്ളത്. അതോടൊപ്പം രാജ്യത്ത് വ്യാപകമായി കൃഷി ചെയ്യുന്നതും മറുനാടൻ പഴവുമായ റുമ്മാനും കിലോ എഴുപതു രൂപ നിരക്കിൽ വഴിയോരങ്ങളിൽ ലഭിക്കുന്നു. കിവിയും ചെറിയും കടകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് നൂറു കണക്കിന് ആളുകൾ ചേർന്ന കച്ചവട സംഘങ്ങളാണ് കേരളത്തിൽ എത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഇല്ലാത്തതാണ് ഇതര സംസ്ഥാന കച്ചവടക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നത്.

foriegn-fruits-kumbla