ആവേശത്തിന്റെ അലകൾ തീർത്ത് നടന്ന ക്വിസ് മത്സരം ഫുട്ബാൾ പ്രേമികൾക്ക് നവ്യാനുഭവമായി.


മൊഗ്രാൽ, ജൂലൈ 14, 2018 • നാളിതുവരെയുള്ള ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രംചോദ്യങ്ങളായി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ തിങ്ങിക്കൂടിയ ഫുട്ബോൾ പ്രേമികൾക്ക് നവ്യാനുഭവമായി മാറി. ഫുട്ബോൾ ജ്വരം കണക്കിലെടുത്ത് മൊഗ്രാൽ ദേശീയവേദി ഇന്ത്യാ സ്പോർട്ടിന്റെ സഹകരണത്തോടെ മൊഗ്രാൽ ഖാഫിലാസ് ഹാളിൽ സംഘടിപ്പിച്ച ലോകകപ്പ് ക്വിസ് -2018 മത്സരമാണ് സജ്ജീകരണ മികവ് കൊണ്ട് വേറിട്ടതായി മാറിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേർ അടങ്ങുന്ന എട്ട് ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിജയികൾക്ക് JHL ട്രോഫികൾക്ക് പുറമെ 3003, 2002, 1001 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ലഭിച്ചു. ആവേശകരമായ മത്സരത്തിൽ കൃഷ്ണപ്രസാദ് -ആകാശ് ചെമ്മനാട് സഖ്യം (ടീം അർജന്റീന) ഒന്നാം സ്ഥാനവും, മുഹമ്മദ്‌ ഷബീർ -ലുബൈബ് കുമ്പള സഖ്യം ( ടീം ഫ്രാൻസ് ) രണ്ടാം സ്ഥാനവും, ജിതിൻ മാത്യു പെരിയ -സൂരജ് സഖ്യം ( ടീം ജർമനി ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാണികൾക്ക് പ്രത്യേകം ചോദ്യങ്ങളും ബാർകോഡ് സെലബ്രേഷന്റെ സ്പോട്ട് സമ്മാനങ്ങളും നൽകി. ദേശീയവേദി യു എ ഇ കമ്മിറ്റി അംഗം മഹമൂദ് സലീം എം. എസ് ക്വിസ് മാസ്റ്ററായിരുന്നു. മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ മാനേജർ കുത്തിരിപ്പ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡന്റ്‌: ടി കെ അൻവർ അധ്യക്ഷത വഹിച്ചു. ശിഹാബ് മാസ്റ്റർ സാങ്കേതിക വശങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി എം ശുഹൈബ് സമ്മാനങ്ങൾ വിതരണം ചെയ്തു. DMMFA ജന. സെക്രട്ടറി Dr. ഇസ്മായിൽ, പി മുഹമ്മദ്‌ നിസാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. മനോഹരമായ രീതിയിൽ പരിപാടി കൈകാര്യം ചെയ്ത ക്വിസ് മാസ്റ്റർ മഹമൂദ് സലീം, സാങ്കേതിക വശങ്ങൾ നിയന്ത്രിച്ച ശിഹാബ് മൊഗ്രാൽ എന്നിവർക്ക് ദേശീയവേദിയുടെ പ്രത്യേക ഉപഹാരം സമ്മാനിച്ചു. ജന. സെക്രട്ടറി. കെ പി മുഹമ്മദ്‌, ട്രഷറർ അബ്‌കോ മുഹമ്മദ്‌, മനാഫ് എൽ ടി, നാസർ മൊഗ്രാൽ, ഷക്കീൽ അബുല്ല, റിയാസ് മൊഗ്രാൽ, ഹാരിസ് ബഗ്ദാദ്, ഖാദർ മൊഗ്രാൽ, മുഹമ്മദ്‌ കുഞ്ഞി മാഷ്, ടി എ ജലാൽ, ടി കെ ജാഫർ, എം എസ് മുഹമ്മദ്‌ കുഞ്ഞി, അബ്ദുൽ റഹ്മാൻ ബദ്‌രിയ, നുഹ്മാൻ എം എം, എം പി എ ഖാദർ നേതൃത്വം നൽകി.

football, quiz, mogral,