കുമ്പള ഐ.എച്ച്.ആർ.ഡി കോളേജ് ക്യാമ്പസിൽ പൊതു ശൗചാലയം നിർമ്മിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിൽ നിന്നും പിന്മാറണം -ഡി.വൈ.എഫ്.ഐ


കുമ്പള, ജൂലൈ 31-2018 • കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ കഴിഞ്ഞ 10 വർഷത്തോളമായി പ്രവർത്തിച്ച് വരുന്ന മഞ്ചേശ്വരം അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി) കോളജ് ക്യാമ്പസിൽ പൊതു ശൗചാലയം നിർമ്മിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിൽ നിന്നും പിൻമാറണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കുമ്പള ടൗണിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി കോളേജിൽ 250 ന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നിലവിൽ ആവശ്യമായ അടിസ്ഥാന സൗകര്യം ഇല്ലാതെ വീർപ്പുമുട്ടുന്ന ക്യാമ്പസിൽ പൊതു ശൗചാലയം നിർമ്മിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം തന്നെ അപകടത്തിലാക്കും.

ആയിരക്കണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന കുമ്പള ടൗണിൽ പൊതുശൗചാലയം നിർമ്മിക്കുക എന്നത് അത്യാവശ്യമാണ്. ശൗചാലയം നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം ടൗണിലിരിക്കെ ടൗണിൽ നിന്നും അകലെയായി പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി ക്യാമ്പസ് തന്നെ തെരഞ്ഞെടുത്തത് ദുരൂഹമാണ്. ശൗചാലയ നിർമ്മാണത്തിന്റെ മറവിൽ നിയമവിരുദ്ധമായി തേക്ക് മരങ്ങൾ മുറിച്ച് മാറ്റിയത് അന്യേഷണവിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വിജിലൻസിന് പരാതിനൽകുമെന്ന് നേതാക്കൾ അറിയിച്ചു.

ശൗചാലയ നിർമ്മാണത്തിന്റെ മറവിൽ അഴിമതി നടത്താനുള്ള ശ്രമമാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്യം നൽകുന്ന ലീഗ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കുമ്പള ടൗൺ വാർഡ് ഭരിക്കുന്ന ബി.ജെ.പി ഇതിന് മൗനാനുവാദം നൽകുകയാണ്. സരസ്വതി ക്ഷേത്രമായ വിദ്യാലയ മുറ്റത്ത് പൊതു ശൗചാലയം നിർമ്മിക്കാനുള്ള ശ്രമത്തിൽ നിന്നും പഞ്ചായത്ത് പിന്മാറിയില്ലെങ്കിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകി ഡി.വൈ.എഫ്.ഐ ഏറ്റെടുക്കും.

വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന കുമ്പള പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി കോളേജ് ബിരുദാനന്തര ബിരുദ കോഴ്സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന എച്ച്.ആർ.ഡി കോളേജിന് സ്വന്തമായി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം കുണ്ടംങ്കരടുക്കയിൽ നടന്നുവരികയാണ്. ഇതിനിടയിൽ തിരക്കിട്ട് പൊതു ശൗചാലയം ക്യാമ്പസിനകത്ത് നിർമ്മിക്കാനുള്ള പഞ്ചായത്ത് ശ്രമം തെളിയിക്കുന്നത് ഈ വിദ്യാഭ്യാസ സ്ഥാപനത്തെ തകർക്കാനുള്ള പഞ്ചായത്തിന്റെ നീക്കമാണെന്ന് കമ്മിറ്റി ആരോപിച്ചു. നിർമ്മാണത്തിൽ നിന്നും പഞ്ചായത്ത്പിൻമാറണമെന്ന് ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

dyfi-kumbla