ചെർക്കളം അബ്ദുല്ലയുടെ വിയോഗം; വിവിധ സംഘടനകൾ അനുശോചിച്ചു


കുമ്പള മേഖലാ സംയുക്ത ജമാഅത്ത്  

മന്ത്രി, എം.എൽ.എ എന്ന നിലയിലും മുസ്ലിം ലീഗിന്റെ ഉന്നത പദവികൾ വഹിച്ചു അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും ഓർമ്മിക്കപ്പെടുന്നതാണ്. 

പ്രവർത്തനതിലെ നിശ്ചയദാർഢ്യം, സമയത്തിലെ കൃത്യ നിഷ്ഠത തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ ചെർക്കളം എന്ന് അറിയപെടുന്ന അദ്ദേഹം മതരംഗത്തും നിറസാനിദ്ധ്യമായിരുന്നു 

സുന്നി മഹല്ല് ഫെഡറേഷന് ജില്ലയിൽ പക്വമായ നേതൃത്വം നൽകി മഹല്ലുകളെ ഏകീകരിക്കുന്നതിലും മഹല്ലുകലുടെ പ്രവർത്തനങ്ങളെ കൂടുതൽ ശാസ്ത്രിയമാക്കുന്നതിലും അങ്ങിനെ ജില്ലയിലെ ഭൂരിഭാഗം മഹല്ലുകളെ എസ് എം എഫ്ന് കീഴിൽ അണിനിരത്തുന്നതിലും, കാസറഗോഡ് സംയുക്ത ജമാഅത്തു പ്രസിഡന്റായും മറ്റു ഒട്ടുമിക്ക ദീനീ സ്ഥാപനങ്ങളുടെ അമരത്തിരുന്ന് കൊണ്ട് ചെർക്കളം എന്ന ആ മഹാമനീഷി ചെയ്ത് വന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കർമ്മങ്ങളായിരുന്നു..

ഏത് പ്രതിസന്ധിഘട്ടത്തിലും മുസ്ലിം ഉമ്മത്തിന് ജില്ലയിൽ ഒരു അത്താണിയായിരുന്നു ചെർക്കളം അബ്ദുല്ല സാഹിബ്. അദേഹത്തിന്റെ വിയോഗം ജില്ലയിൽ ഉണ്ടാക്കിയ വിടവ് ഒരിക്കലും നികത്താനാവാത്തതാണ്.

പ്രാർത്ഥനയോടെ, ഐ കെ അബ്ദുല്ല കുഞ്ഞി (പ്രസിഡന്റ് ), സെയ്‌യ്‌ദ്‌ ഹാദി തങ്ങൾ (ജന:സെക്‌) വി പി അബ്ദുൽ ഖാദർ (ട്രഷറർ), ഹമീദ് ഹാജി കുംബള (വർ:പ്രസി ), പി കെ മുസ്തഫ കുംബൊൽ(സീനി:പ്രസി), ബി എ റഹ്‌മാൻ ആരിക്കാടി (വ:സെക്ര).

'ചെർക്കളം അബ്ദുല്ലയുടെ മരണം മഞ്ചേശ്വരം മണ്ഡലത്തിന് തീരാനഷ്ടം' വെൽഫെയർ പാർട്ടി

മഞ്ചേശ്വരം • മുൻ മന്ത്രിയും മുസ്ലിം ലീഗ് ട്രഷററുമായ ചെർക്കളം അബ്ദുല്ല സാഹിബിന്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കർമ്മധീരനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. മുസ്‌ലിം ലീഗിന് മാത്രമല്ല കാസറഗോഡ് ജില്ലക്ക് തന്നെ അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിന്. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, ഫെലിക്‌സ് ഡിസൂസ, ബഷീർ ആരോ, അഡ്വ. എം.സി.എം.അക്ബർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

നഷ്ടപ്പെട്ടത് രാഷ്ട്രീയ ചാണക്യനെ - ഐഎന്‍എല്‍

ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തിലൂടെ കാസര്‍കോട് ഭൂമികയിലെ രാഷ്ട്രീയ ചാണക്യനെയാണ് നഷ്ടപ്പെട്ടതെന്ന് ഐ.എന്‍.എല്‍ നേതാക്കളായ എ. ലത്വീഫ്, പി.എം. സുബൈര്‍ പടുപ്പ്, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, സി.എം.എ. ജലീല്‍, മുഹമ്മദ് മുബാറക്ക് ഹാജി, മുസ്തഫ തോരവളപ്പ്, മുനീര്‍ കണ്ടാളം, ഹനീഫ കടപ്പുറം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് അദ്ദേഹത്തോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കാസര്‍കോട്ടെ ജനമനസ്സില്‍ ചെര്‍ക്കളത്തിന്റെ വിടവ് നികത്താനാവാത്തതാണെും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

നിര്‍ണായക ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിന്റെ തണലായി നിന്ന നേതാവ്: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുമ്പോഴും സമസ്തയുടെ നിര്‍ണായക ഘട്ടങ്ങളില്‍ കൂടെ നിന്ന് കരുത്ത് തെളിയിച്ച് പ്രസ്ഥാനത്തിന് താങ്ങും തണലുമായി പ്രവര്‍ത്തിച്ച അപൂര്‍വ്വ നേതാക്കളില്‍ ഒരാളായിരുന്നു ചെര്‍ക്കളം അബ്ദുല്ലയെന്ന് എസ് കെ എസ് എസ് എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന കമ്മിറ്റി അംഗം സുഹൈര്‍ അസ്ഹരി അഭിപ്രായപ്പെട്ടു. നിലപാടുകളില്‍ ഉറച്ച് നിന്ന്, താന്‍ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രമുഖ നേതാവിനെയാണ് മത- രാഷട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലക്ക് നഷ്ടപ്പെട്ടതെന്നും നേതാക്കള്‍ അനുശോചിച്ചു.

ചെര്‍ക്കളം അബ്ദുല്ല സമസ്തയുടെ നിഴലായി നടന്ന നിസ്വാര്‍ത്ഥ സേവകന്‍: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കാസര്‍കോട്: മുന്‍ മന്ത്രിയും കാസര്‍കോട് മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പകരക്കാരനില്ലാത്ത അമരക്കാരനും സമസ്ത എന്ന പണ്ഡിതവ്യൂഹത്തിന്റെ ഒപ്പം ചേര്‍ന്ന് ഏറെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ച ചെര്‍ക്കള അബ്ദുല്ലയുടെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ല്യാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
സമുദായ നവോത്ഥാനത്തിനും സമസ്തയുടെ വളര്‍ച്ചയ്ക്കും വേണ്ടി ചെര്‍ക്കളം അബ്ദുല്ല എന്ന സുന്നത്ത് ജമാഅത്തിന്റെ കറ കളഞ്ഞ വ്യക്തിത്വം നടത്തിയ ശ്രമങ്ങളും സേവനങ്ങളും ജില്ലയ്ക്ക് ഉണ്ടാക്കിയ നേട്ടങ്ങള്‍ അവര്‍ണനീയമാണ്. പണ്ഡിതന്മാരേയും മദ്രസാ പ്രസ്ഥാനത്തേയും ഹൃദയമറിഞ്ഞ് സ്‌നേഹിച്ച ഈ സമുദായ സ്‌നേഹിയുടെ വേര്‍പാടില്‍ വിതുമ്പുകയാണ് നാടും നാട്ടുകാരും.

ചെര്‍ക്കളം അബ്ദുല്ലയോടുള്ള ആദരസൂചകമായി കാസര്‍കോട് ജില്ലയിലെ മദ്രസകള്‍ക്ക് വെള്ളിയാഴ്ച രാത്രി അവധി നല്‍കിയതായി ടി.പി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ശനിയാഴ്ച മദ്രസളില്‍ പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിക്കാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.

ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം നാടിന്റെ നഷ്ടം: എസ്.ഡി.പി.ഐ

കാസര്‍കോട്: നാടിന്റെ നാടിമിടിപ്പറിയുന്ന പൊതുപ്രവര്‍ത്തകനായിരുന്നു അന്തരിച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പില്‍ അറിയിച്ചു. മത, സാമൂഹിക, രാഷട്രീയ മേഖലകള്‍ക്ക് തീരാ നഷ്ടമാണെന്നും ജില്ലയുടെ ചരിത്രത്തോടപ്പം എന്നും ഓര്‍ക്കുന്ന വ്യക്തിത്വമാകും അദ്ദേഹമെന്നും അനുശോചനത്തില്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ട്രഷറര്‍ ഡോ. സി.ടി. സുലൈമാന്‍, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറിമാരായ ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി എന്നിവര്‍ അനുശോചിച്ചു.

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എം. സി. സി 

ഒരു രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിച്ച ധിഷണാശാലി.. അർഹതപ്പെട്ടത്‌ നേടിയെടുക്കാൻ അസൂയാവഹമായ തന്റെ 'കമാൻഡിങ് പവർ' ശക്തമായി ഉപയോഗിച്ച ധീരനായ നേതാവ്... മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും സമൂഹത്തിനും തീരാ നഷ്ടം.. പറയാൻ വാക്കുകൾ ഇല്ല.
കൃത്യനിഷ്ഠത ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച മാതൃകാ യോഗ്യൻ... കാസറഗോടിന്റെ മത -രാഷ്രീയ -സാംസ്‌കാരിക മണ്ഡലങ്ങളിൽ തലയെടുപ്പോടെ ജ്വലിച്ച്‌ നിന്ന താരകം. ചെർക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗം നമ്മുടെ ജില്ലക്ക് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. 
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..
പ്രാർത്ഥനാ പൂർവ്വം..

പകരം വെക്കാനില്ലാത്ത നേതാവ് 

മഞ്ചേശ്വരം: ഭാഷാധ്യാപകര്‍ക്ക് വേണ്ടി അതുല്ല്യ സേവനം ചെയ്ത ഉന്നത വ്യക്തിത്വമാണ് ചെര്‍ക്കളം അബ്ദുല്ലയെന്ന കെ.എ.ടി.എഫ് മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. മഞ്ചേശ്വരത്തെ ഭാഷാധ്യാപകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ പരിഹാരം നല്‍കാന്‍ അവസാന നിമിഷം വരെ അദ്ദേഹം പരിശ്രമിച്ചിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മണ്ഡലത്തില്‍ മാത്രം അദ്ദേഹത്തിന്റെ ശ്രമഫലമായി സ്ഥാപിക്കാന്‍ കഴിഞ്ഞു. ഉന്നത പദവിയിലിരിക്കുമ്പോഴും സാധാരണക്കാരനായി ജീവിച്ച അദ്ദേഹം ഒരു മാതൃകാ പുരുഷന്‍ കൂടിയാണ്. പ്രസിഡന്റ് കരീം ഉപ്പള അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുല്‍ റസാഖ്, യഹ്യഖാന്‍, സുബൈര്‍ മാസ്റ്റര്‍, അശ്‌റഫ് കെ.വി, അബ്ദുല്‍ റഹ്മാന്‍, അഹ് മദ് ഹാരിസ് പള്ളിക്കര, ബഷീര്‍ കളിയൂര്‍, നൗഷാദ്, സത്താര്‍ ബായാര്‍ സംബന്ധിച്ചു.

cherkkalam-abdulla-condolences