ആരിക്കാടി കുന്നിൽ മദ്രസ തെരെഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി


കുമ്പള ജൂലൈ 15, 2018 • ആരിക്കാടി കുന്നില്‍ മിര്‍ഖാത്തുല്‍ ഉലൂം സെക്കണ്ടറി മദ്രസയില്‍ നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ലീഡര്‍, എസ് കെ എസ് ബി വി പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, ഗേള്‍സ് ലീഡര്‍ എന്നീ സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പൊതുതെരെഞ്ഞുടുപ്പിലെ സമ്മതിദാന മാതൃക സ്വീകരിച്ചത് വിദ്യാര്‍ത്ഥികൾക്കും രക്ഷിതാക്കൾക്കും പുതുമയായി.

ചെറുപ്രായത്തില്‍ മുതിര്‍ന്നവരെപ്പോലെ വോട്ട് ചെയ്തതിന്റെ സന്തോഷവും കുട്ടികള്‍ പങ്കിട്ടു. വോട്ടെടുപ്പിന് തയ്യാറായ കുട്ടികള്‍ ആദ്യം സ്ളിപ്പ് വാങ്ങി തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളുടെ പേര് അച്ചടിച്ച ബാലറ്റ് പേപ്പര്‍ കൈപ്പറ്റി വോട്ട് രേഖപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിച്ചു. ഓരോ ക്ലാസിനെയും വാര്‍ഡാക്കി തിരിച്ച് നടത്തിയ മത്സരത്തിന്റെ ഫലം ഓരോ വാര്‍ഡ് മത്സരം കഴിയുമ്പോഴും സ്വദര്‍ മുഅല്ലിം പി.എച്ച് അസ്ഹരിയുടെ ന്യൂസ് കോര്‍ണറിൽ നിന്നും പുറത്തുവിട്ടു. 98 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

മദ്റസ ലീഡറായി സാഹിദും എസ് കെ എസ് ബി വി പ്രസിഡന്റായി നിസാം വടകരയും എസ് കെ എസ് ബി വി ജനറല്‍സെക്രട്ടറിയായി മര്‍വാനും തിരഞ്ഞെടുക്കപ്പെട്ടു. പെണ്‍കുട്ടികളില്‍ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച ശഹര്‍ബാനയെ കേവലം ഒരു വോട്ടിന് പിന്നിലാക്കി ശമ്മ ഷിറിന്‍ വിജയിച്ചു.

റിട്ടേണിങ്‌ ഓഫീസര്‍ പി.എച്ച് അസ്ഹരി ആദൂര്‍, പ്രിസൈഡിങ് ഓഫീസര്‍ സിനാന്‍ അസ്ഹരി, പോളിങ് ഓഫീസര്‍മാര്‍ അബ്ദുള്ള റബ്ബാനി, ഇസ്മായീല്‍ മുസ്ലിയാര്‍ മഞ്ഞനാടി എന്നിവര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

വിജയിച്ച സ്ഥാനാര്‍ത്ഥികളെ ആരിക്കാടി കുന്നില്‍ ഖിളർ ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു. പൗരന്റെ ജനാധിപത്യാവകാശങ്ങളെ കുറിച്ച് പുതിയ അവബോധം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഈ തെരഞ്ഞെടുപ്പിന് കഴിയുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

arikady-madrasa-vote