റോഡിൽ ആമ്പുലൻസ് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് എ.ഒ.ഡി.എ


കുമ്പള ജൂലൈ 25, 2018 • രോഗികളെയും വഹിച്ച് ലക്ഷ്യ സ്ഥാനത്തേക്ക് ആമ്പുലൻസ് കുതിക്കുമ്പോൾ ജില്ലയിലെ റോഡുകളിൽ ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് ജില്ല ആമ്പുലൻസ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്ത്. സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ പ്രാണരക്ഷയ്ക്ക് വേണ്ടി പണിയെടുക്കുന്ന ആമ്പുലൻസ് ജീവനക്കാരുടെ ദയനീയാവസ്ഥ ആരും മനസ്സിലാക്കുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.

ദേശീയ പാതയിൽ ആഴമേറിയ കുഴികളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും താണ്ടിയാണ് രോഗികളെയും കൊണ്ട് ആമ്പുലൻസുകൾ ഓടുന്നത്. രോഗികളെയും കൊണ്ട്കാലിക്കടവിൽ നിന്നും പുറപ്പെടുന്ന ആമ്പുലൻസിന് ഇന്നത്തെ അവസ്ഥയിൽ രണ്ടര മണിക്കൂർ ഓടിയാൽ മാത്രമാണ് മംഗളൂരുവിലെ ആശുപത്രിയിലെത്താനാവുന്നത്. സാധാരണ ഒരു മണിക്കൂറും പത്തു മിനിറ്റും കൊണ്ട് ഓടിയെത്താവുന്ന സ്ഥലത്തേക്കാണ് ഇരട്ടിയിലധികം സമയമെടുക്കുന്നത്.

കണ്ണൂർ കാസർകോഡ് ഭാഗങ്ങളിൽ നിന്നും ദേശീയ പാതയിലൂടെ മംഗളൂരുവിലേക്ക് രോഗികളെയോ അപകടത്തിൽ പരിക്കേറ്റവരെയോ കൊണ്ട് പോകുമ്പോൾ ചില വാഹനങ്ങൾ ഹെഡ് ലാമ്പുകളും ഇട്ട് അമിത വേഗതയിൽ പുറകെ ആമ്പുലൻസിനോട് അടുപ്പിച്ച് ഓടിച്ചു വരുന്നതായി ഭാരവാഹികൾ പറഞ്ഞു. ആമ്പുലൻസിന് റോഡിൽ മറ്റു വാഹനങ്ങൾ വഴി മാറിക്കൊടുക്കുമ്പോൾ അതിന്റെ മറവു പറ്റി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാണ് വാഹനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ആമ്പുലൻസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ പുറകെ വരുന്ന വാഹനങ്ങൾ ആമ്പുലൻസിന് പിന്നിൽ ഇടിക്കുന്നു. തന്മൂലം ആമ്പുലൻസിന് യാത്ര തുടരാനാവുന്നില്ല. പിന്നീട് വേറൊരു ആമ്പുലൻസ് സംഘടിപ്പിച്ച് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടി വരുന്നു. ഇക്കാര്യം മുമ്പൊരിക്കൽ ജില്ല കളക്ടർ വിളിച്ച ഒരു യോഗത്തിൽ പരാതിയായി ഉന്നയിക്കുകയും അദ്ദേഹം ഉടൻ തന്നെ അത്തരം സംഭവങ്ങളിൽ പിന്തുടരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ യോഗത്തിൽ സംബന്ധിച്ച ഡിവൈഎസ്പിക്ക് നേരിട്ട് നിർദേശം നൽകുകയും ചെയ്തിരുന്നുവത്രെ. എന്നാൽ കുമ്പള, മഞ്ചേശ്വരം പൊലീസ് അത്തരക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേതാക്കൾ പറയുന്നു. 

തലപ്പാടി ടോൾ ബൂത്ത് ജീവനക്കാരിൽ നിന്നും തങ്ങൾക്കോ രോഗികൾക്കോ യാതൊരു മാനുഷിക പരിഗണനയും ലഭിക്കുന്നില്ലെന്നും ടോൾ ഫ്രീയാണെങ്കിലും ടോൾ നൽകാൻ വരിനിൽക്കുന്ന വാഹനങ്ങൾക്ക് പുറകിൽ ആമ്പുലൻസുകളെയും വരി നിർത്തുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. ഒറ്റ ഹമ്പുള്ള ചാനലിലൂടെ കടന്നുപോകാനുള്ള ഗെയ്റ്റ് അടച്ചിട്ട് ഇരട്ട ഹമ്പുള്ള ഗെയ്റ്റിലൂടെയാണത്രെ ആമ്പുലൻസുകളെ കടത്തി വിടുന്നത്.

ഇത് അപകടത്തിൽ തലയിൽ പരിക്കേറ്റ അതീവ ജാഗ്രത ആവശ്യമായ ആളുകളെ കൊണ്ടു പോകുമ്പോൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നാലു മിനിറ്റ് വരെ ടോൾ ബൂത്തിൽ സമയം പാഴാകുന്നതായി ഭാരവാഹികൾ ആരോപിച്ചു.

ചില ബസുകൾ റോഡിൽ നിർത്തി ആളെ കയറ്റുന്നതും തടസ്സമാകുന്നതായി ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ആമ്പുലൻസ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല പ്രസി. മുനീർ ചെമനാട്, വർക്കിങ്ങ്സെക്രട്ടറി അസ്ലം കുഞ്ചത്തൂർ, സ്റ്റേറ്റ് പ്രസി. ഹസൻ ലൈഫ് ക്യാർ, അദ്നാൻ കുഞ്ചത്തൂർ, ഡി എം ഷാഫി എന്നിവർ സംബന്ധിച്ചു.

aoda-kasaragod