രാസ ലായനിയൊഴിച്ച് കൊന്ന് റീത്ത് വച്ചു; കുമ്പളയിൽ സാമൂഹ്യ ദ്രോഹികൾ വ്യാപകമായി വൃക്ഷത്തൈകൾ നശിപ്പിക്കുന്നു


കുമ്പള: പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ സാമൂഹ്യദ്രോഹികൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുമ്പള ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ക്ളബ്ബ്കളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈ വെച്ചു പിടിപ്പിച്ചിരുന്നു. കുമ്പള മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബദിയടുക്ക റോഡിൽ വെച്ച് പിടിപ്പിച്ച് കമ്പി വേലി കെട്ടി സംരക്ഷിച്ച തൈ ഉണങ്ങിയ നിലയിൽ വെള്ളിയാഴ്ചയാണ് വ്യാപാരി ഭാരവാഹികളുടെ ശ്രദ്ധയിൽ പെട്ടത്‌. ഏതോ രാസ വസ്തു തളിച്ച് കൊന്നതായിരിക്കാമെന്നാണ് വ്യാപാരികളായ പ്രശാന്ത്, ദാമു എന്നിവർ പറയുന്നത്. കൂടാതെ അതിൽ പൂമാലയും ചാർത്തിയിരുന്നു. 

കുറച്ച് ദിവസം മുമ്പ് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ബദിയടുക്ക റോഡ് ഹോളി ഫാമിലി സ്‌കൂളിന് മുന്നിൽ സ്ഥാപിച്ച വൃക്ഷത്തൈയും അതിനെ സംരക്ഷിക്കാൻ വെച്ച ഇരുമ്പ് വേലിയും നശിപ്പിച്ചിരുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

anti-social-workers-kumbla