കന്നുകാലി കടത്ത് ആരോപിച്ച് മർദ്ദനം ; പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം


മഞ്ചേശ്വരം ജൂലൈ 17, 2018 • കന്നുകാലി കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ പന്ത്രണ്ടംഗസംഘം വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബായാർ ബള്ളൂരിലെ ബെരിപദവിലാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ സൈനുദ്ദീൻ (55), ഭാര്യ ഖദീജ (46) എന്നിവർ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിപ്രകാരമാണ് കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പൊലീസ് കേസെടുത്തത്. മർദിക്കുകയും സംഘം ചേരുകയും ചെയ്തു എന്ന കുറ്റത്തിനാണ് കേസ്. കർണാടകയിൽനിന്ന് പിക്കപ്പ് വാഹനത്തിൽ കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിനിെട പിന്തുടർന്നെത്തിയ പന്ത്രണ്ടംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്. സംഘം പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ടു യുവാക്കളെ മർദിക്കുകയും ചെയ്തു. ഈസമയം ബഹളം കേട്ട് സമീപത്തെ പ്രായപൂർത്തിയാവാത്ത കുട്ടി ഈ രംഗം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ സംഘം കുട്ടിയെ മർദിക്കാൻ തുടങ്ങി. ഇതിനെ മാതാപിതാക്കൾ തടയാൻ ശ്രമിക്കുന്നതിനിെടയാണ് ഇവർക്ക് മർദനമേറ്റത്. അതിനിടെ, പൊലീസ് നിസ്സാരവകുപ്പനുസരിച്ച് കേസെടുത്തുവെന്ന ആരോപണവുമായി വിവിധ സംഘടനകൾ രംഗത്തുവന്നു. കേസിൽ പ്രതിയായവരെ ഉടനെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, യൂത്ത്ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. ബള്ളൂരിലെ ബെരിപദവിൽ ഡി.വൈ.എഫ്.ഐ ബായാർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സി.പി.എം ലോക്കൽ സെക്രട്ടറി പുരുഷോത്തമ ബള്ളൂർ ഉദ്‌ഘാടനംചെയ്തു. വില്ലേജ് പ്രസിഡൻറ് ചന്ദ്രപ്രഭു അധ്യക്ഷതവഹിച്ചു. സിദ്ദീഖ് ആവള, സത്താർ ബള്ളൂർ, ഫാറൂഖ് മുന്നൂർ തുടങ്ങിയവർ സംസാരിച്ചു. സക്കറിയ ബായാർ സ്വാഗതവും സുബൈർ ബായാർ നന്ദിയും പറഞ്ഞു. യൂത്ത്ലീഗ് നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനം ജില്ല സെക്രട്ടറി അസീസ് കളത്തൂർ ഉദ്‌ഘാടനംചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് അന്തുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. റഹ്മാൻ ഗോൾഡൻ, ബി.എം. മുസ്തഫ, അബൂബക്കർ, എം. ഹമീദ്, ഹമ്മി ബായാർ, നാസർ പദവ്, ആഷിഖ് ചേരാൾ, മുഫാസിഫ് എന്നിവർ സംസാരിച്ചു. അസീസ് കളായി സ്വാഗതവും ആദം ബള്ളൂർ നന്ദിയും പറഞ്ഞു.

manjeshwarm, news, allegedly-attack-cow-protesters