ഗൾഫിൽ നിന്നും കൊടുത്തയച്ച സ്വർണവും സാധനങ്ങളും മറിച്ചുവിറ്റതായി ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു


കുമ്പള ജൂൺ 05, 2018 •  ഗൾഫിൽ നിന്നു കൊടുത്തയച്ച 30 പവൻ സ്വർണ്ണവും വില പിടിപ്പുള്ള പർദ്ദകളും മറിച്ചുവിറ്റതായി ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പെർവാഡ് ഭാര്യവീട്ടിൽ താമസിച്ചു വരുന്ന ഉള്ളാൾ സ്വദേശിയും മദ്രസ അധ്യാപകനുമായ അബ്ദുൽ ഹമീദി (34)നെയാണ് മൊഗ്രാൽ പ്രദേശത്തു നിന്നും തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. സംഭവം ജില്ലാ പൊലീസ് മേധാവിയെ ആരോ അറിയിച്ചതിനെത്തുടർന്ന് പൊലീസ് മേധാവി കുമ്പള പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് കുമ്പള സി ഐ പ്രേംസദൻ, എസ് ഐ അശോകൻ, എ എസ് ഐ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരം മൂന്നു മണിയോടെ തട്ടിക്കൊണ്ടുപോയവരുടെ നേതൃത്വത്തിൽ അബ്ദുൽ ഹമീദിനെ കുമ്പള പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 

സംഭവത്തിൽ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. സ്വർണ്ണവും പർദ്ദകളും നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ബന്തിയോട്, ചുക്കിരിയടുക്കത്തെ മീരാൻ കുഞ്ഞിയുടെ പരാതി പ്രകാരം അബ്ദുൽ ഹമീദ് മുസ്ലിയാർ (34), ഉപ്പള സോങ്കാലിലെ മനാഫ് എന്നിവർക്കെതിരെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതിന് അബ്ദുൽ ഹമീദിന്റെ പരാതിയിൽ മീരാൻ കുഞ്ഞി, ഉപ്പള ഹിദായത്ത് നഗറിലെ മഹ്ഷൂഖ് എന്നിവർക്കെതിരെയും കുമ്പള പൊലീസ് കേസെടുത്തു.

police-case-kumbla, fraud,