മൊഗ്രാൽ പുത്തൂർ കിണറ്റിൽ കണ്ടെത്തിയത് നാല് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം


മൊഗ്രാൽ പുത്തൂർ ജൂൺ 03, 2018 • ഞായറാഴ്ച രാവിലെയോടെ മൊഗ്രാൽ പുത്തൂർ ദേശീയപാതയോരത്തെ സർക്കാർ കിണറിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കം തോന്നിക്കുന്നുവെന്ന് പോലീസ് 'കുമ്പള വാർത്ത'യോട് പറഞ്ഞു. സ്ഥിരമായി ഈ കിണറിൽ നിന്നും മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളമെടുത്തിരുന്ന സമീപത്ത വീട്ടുകാർ വെള്ളത്തിന് രുചി വ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെ കിണർ പരിശോധിക്കാൻ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാസറഗോഡ് ടൗൺ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർ ഫോഴ്സും എത്തിയാണ് സാമൂഹ്യ പ്രവർത്തകനായ ഫാറൂഖിന്റെ സഹായത്തോടെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തടുത്തത്.

പാന്റിന്റെ കീശയിൽ നിന്നും ബൈക്കിന്റെ ചാവിയും പേർസും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. കിണറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ താക്കോലാണെന്ന് കരുതുന്നു. കർണ്ണാടകയിലെ കാർത്തിക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

കഷണ്ടിയായ 40 വയസ്സ് പ്രായം തോന്നിപ്പിക്കുന്നയാളുടെതാണ് മൃതദേഹം. നീല ജീൻസും വരയൻ കുപ്പായവുമാണ് വേഷം. 175 സെന്റീമീറ്റർ ഉയരമുണ്ട്.

Also Read: മൊഗ്രാൽ പുത്തൂരിൽ ദേശീയപാതയോരത്തെ സർക്കാർ കിണറിൽ അജ്ഞാത മൃതദേഹം; സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയിൽ
mogral puthur, found, body, dead body, news, kasaragod, mogral,mogral-puthur-found-dead-body-updates