ബിജെപിക്ക് തിരിച്ചടി: ജയനഗർ നിയമസഭാ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു


ബെംഗളൂരു ജൂൺ 13, 2018 • ബിജെപിയുടെ സിറ്റിങ് സീറ്റായ ജയനഗറില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 3775 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 54405 വോട്ടുകൾ സൗമ്യ റെഡ്ഡി നേടിയപ്പോള്‍ 50270 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് നേടാനായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ബി.എല്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ പ്രഹ്ലാദിനെയാണ് പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.

കര്‍ണാടകയിൽ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റതോടെ ജയനഗറില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജെഡിഎസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
karnataka, election, news, re-election, congress, bjp,