മംഗളൂരുവിൽ കനത്ത മഴ; മരം വീണ് നാലുപേർക്ക് പരിക്ക്; വിമാന സർവീസുകൾ താറുമാറായി


മംഗളുരു ജൂൺ 09, 2018 • ദക്ഷിണ കന്നട ഉഡുപ്പി ജില്ലകളിൽ മഴ തുടരുന്നു. രൂക്ഷമയ കാറ്റും മഴയും പല ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. ചില പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മംഗളുരു നഗരത്തിൽ മംഗള ദേവിയിൽ കൂറ്റൻ മരം കടപുഴകി നാലു പേർക്ക് പരുക്കേറ്റു. മരം വീഴുന്നതിനിടെ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രവീൺ സുവർണ (49), സുരേഖ (63), നവീൻ (45), തേജസ്വിനി (20) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകളും താറുമാറായി. അബുദാബി, ദുബായ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽനിന്നുളള വിമാനങ്ങൾ വൈകി. മംഗളൂരുവിൽനിന്നു രാവിലെ 9.10ന് ബെംഗളൂരു, 9.25ന് ഹൈദരാബാദ്, 11.30 മുംബൈ വിമാനങ്ങളുടെ സമയങ്ങൾ പുനക്രമീകരിച്ചിട്ടുണ്ട്.

ജില്ലയിലെ ഉൾനാടൻ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
heavy, rain, mangluru, mangalore,