പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി പിടിയിൽ


കാസർകോട് ജൂൺ 13, 2018 •  നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി ടൗൺ പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട്ടെ കാരാട്ട് നൗഷാദ് (40) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എട്ടുകിലോ കഞ്ചാവ് പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത്‌ ചൊവ്വാഴ്ച ഉച്ചയോടെ 200 ഗ്രാം കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ സി.എ.അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അണങ്കൂരിലെ വാടകവീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.

നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പോലീസ് തിരയുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി ചുറ്റിത്തിരിയുമ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അണങ്കൂരിൽ വാടകക്വാർട്ടേഴ്സിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വടകര, കൊയിലാണ്ടി, മംഗളൂരു എന്നിവിടങ്ങളിലെ നിരവധി കവർച്ച-അക്രമണ കേസുകളിൽ ഇയാൾ പ്രതിയാണ്.

പോലീസിനെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. എസ്.ഐ. പി.അജിത്കുമാർ, കെ.പി.വി.രാജീവൻ, ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സെൽ സ്പെഷ്യൽ സ്ക്വാഡംഗങ്ങളായ എസ്.ഐ. ഫിലിപ്പ് തോമസ്, എ.എസ്.ഐ. സി.കെ.ബാലകൃഷ്ണൻ, കല്ലായി അബൂബക്കർ, ഡ്രൈവർ തോമസ് എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.

ganja, case arrest, kasaragod,