നമ്മുടെ ഭൂമി ,നമ്മുടെ ഭാവി, ഇന്ന് ലോക പരിസ്ഥിതി ദിനം

ജംഷീദ് അടുക്കം  എഴുതുന്നു 

ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) ഭാഗമായി 1972 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം സംഘടിപ്പിച്ചു വരുന്നു. പരിസ്ഥിതിക്ക് ഗുണകരമാകുന്ന വിധത്തില്‍ യുഎന്‍ ആഗോള തലത്തില്‍ ആഘോഷിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.

നമ്മുടെ ഭൂമിയെ സാധ്യതകളാല്‍ ജീവസ്സുറ്റതാക്കി നിലനിറുത്തുന്നതിന് ലോകമെമ്പാടും മര്‍മ്മപ്രധാനമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നല്കുന്ന വനങ്ങളാണ് ഭൂമിയുടെ കരഭാഗത്തിന്‍റെ മൂന്നിലൊന്ന് ഭാഗം. വാസ്തവത്തില്‍, ബില്യണ്‍ ജനങ്ങള്‍ അവരുടെ ജീവസന്ധാരണത്തിനായി വനങ്ങളെ ആശ്രയിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍‌ക്കെതിരെയുള്ള നമ്മുടെ യുദ്ധത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ശേഖരിച്ചു കൊണ്ട് അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ സ്വതന്ത്രമാക്കുന്നതില്‍ അവ തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നത്. വിലമതിക്കാനാവാത്ത പാരിസ്ഥിതികവും, സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ പ്രയോജനങ്ങള്‍ക്കു പുറമേ, ജീവിക്കുന്നതിനും ശ്വസിക്കുന്നതിനുമായി വനങ്ങളെ നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 44 വര്‍ഷമായിട്ടും ഈ ദിവസത്തിന്റെ, ഈ വിഷയത്തിന്റെ പ്രസക്തി ഏറുകയല്ലാതെ, കുറയുകയല്ല. അതിനര്‍ത്ഥം ഈ ദിനാചരണത്തിന്റെ ലക്ഷ്യം കൈവരിക്കുമെന്നതില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മാത്രമല്ല, എന്തുകൊണ്ട് പരിസ്ഥിതി സൗഹൃദമല്ലാത്ത വികസനത്തിന്റെ പാത മാറ്റുവാന്‍ മറ്റൊരു പാത കൈവരിക്കുവാന്‍ നാം പരാജയപ്പെടുന്നു എന്നുകൂടിയാണ്. അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ആഹ്വാനങ്ങള്‍ ബധിരകര്‍ണങ്ങളിലാണോ പതിച്ചതെന്ന് ചിന്തിക്കേണ്ട സയമം വൈകിയിരിക്കുന്നു. പ്രകൃതിയുടെ ആരോഗ്യമാണ് നമ്മുടെ ആരോഗ്യം. അതിനാല്‍ നമുക്ക് പ്രകൃതിയുടെ സംരക്ഷകരാകാം. കാവലാളാകാം. അതിനനുയോജ്യമായ പ്രവൃത്തികള്‍ ചെയ്യുന്നവരായി നാം മാറണം. നമ്മുടെ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നത് നമ്മുടെ മനസ്സാണ്- ചിന്തകളാണ്. ചിന്തകളെ നയിക്കുന്നത് നമ്മുടെ ദര്‍ശനങ്ങളാണ്. ലോകത്തിന്റെ ഏതുകോണില്‍നിന്നായാലും ഇതിനനുയോജ്യമായ ദര്‍ശനങ്ങള്‍ നാം ഉള്‍ക്കൊള്ളണം. നമ്മുടെ മതമോ രാഷ്ട്രീയമോ ദേശമോ ഒന്നും അതിനു തടസ്സമാകരുത്. കാരണം ഇത് മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്-ജീവല്‍ പ്രശ്‌നമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും അവനവന്റെ രാഷ്ട്രീയമുണ്ട്, മതമുണ്ട്. തങ്ങളുടെ രാഷ്ട്രീയ തത്ത്വസംഹിതകളില്‍നിന്നും മതദര്‍ശനങ്ങളില്‍നിന്നും പ്രകൃതിവിരുദ്ധമായവയെ ഒഴിവാക്കുവാന്‍, പരിസ്ഥിതിക്ക് അനുകൂലമായവയെ, ജീവജാലങ്ങള്‍ക്ക് അനുകൂലമായവയെ മാത്രം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ എല്ലാവര്‍ക്കുമാകണം. ആശയസംഹിതകള്‍ പ്രവര്‍ത്തനപഥത്തിലെത്തണം. പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ചും സൂക്ഷ്മാണു ആന, മുതല്‍  തിമിംഗലം വരെയുള്ള ജീവികളുടെ പ്രാധാന്യത്തെക്കുറിച്ചും ഇന്ന് നമുക്ക് സാമാന്യബോധമുണ്ട്. പക്ഷേ അവയെ സംരക്ഷിക്കുന്നതും ഹാനികരമായവയെ ഒഴിവാക്കുന്നതും നമ്മുടെ ജീവിചചര്യമായി മാറിയിട്ടില്ല. 

ഇത്തവണത്തെ പരിസ്ഥിതിദിന വിഷയം 'പ്ലാസ്റ്റിക് മലിനീകരണം തടയൽ ' എന്നാണ് . (beating plastic pollution.) 

മനുഷ്യന്റെ ജീവിതരീതിയിലുണ്ടായ മാറ്റവും ജനപ്പെരുപ്പവുമെല്ലാം ഭൂമിയെ വലിയൊരു മാലിന്യക്കൂമ്പാരമാക്കിക്കൊണ്ടിരിക്കുകയാണ്.ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റുമാണ് റോഡരികിലെങ്ങും......

പരിസരമലിനീകരണത്തില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്......

കാരണം പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ള വിഷവസ്തുക്കള്‍ ജലത്തെയും മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നുണ്ട്.......


പ്ലാസ്റ്റിക് കാരിബാഗുകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍.

ഉപയോഗശേഷം വേണ്ട രീതിയില്‍ നിർമ്മാർജ്ജനം ചെയ്യപ്പെടാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഡ്രെയിനേജുകളില്‍ എത്തിചേരുകയും, ഡ്രയിനേജുകളിലെ സാധാരണ പ്രവാഹത്തെ തടസ്സപ്പെടുത്തി അനാരോഗ്യകരമായ അന്തരീക്ഷത്തിനും ജലജന്യരോഗങ്ങള്‍ക്കും കാരണമായി തീരുന്നു. പുനരാവർത്തനത്തിന് വിധേയമാവുകയും നിറങ്ങള്‍ ചേർത്തിട്ടുള്ളവയുമായ പ്ലാസ്റ്റിക്കു ബാഗുകളിലുള്ള ചില രാസപദാർത്ഥങ്ങള്‍ ഭൂമിയുമായ സമ്പർക്കം ഉണ്ടാകുമ്പോള്‍, മണ്ണിനെയും ഭൂഗർഭജലത്തെയും മലിനീകരിക്കാന്‍ കെല്പുള്ളവയാണ്. ഉപയോഗിച്ച പ്ലാസ്റ്റിക്കില്‍ നിന്നും വീണ്ടും വേറെ ഉല്പന്നങ്ങള്‍ നിർമ്മിക്കുന്ന യൂണിറ്റുകള്‍ക്ക്, ആഘട്ടത്തിലുണ്ടാകുന്ന വിഷപുക/ബാഷ്പങ്ങളെ ആശാസ്യമായ രീതിയില്‍ കൈകാർ ചെയ്യാനുള്ള സാങ്കേതിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍‌ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പലപ്പോഴും പശുക്കള്‍ ഉള്‍‌പ്പെടെയുള്ള മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയാവുകയും പലതരത്തിലുള്ള ദൂഷ്യഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മറ്റ് ജൈവ വസ്തുക്കളെ പ്പോലെ ജീർണ്ണിക്കാത്ത ഒന്നാണ് പ്ലാസ്റ്റിക്ക്. കൂടാതെ അത് വെള്ളത്തെ കടത്തിവിടാത്ത ഒരു വസ്തുകൂടിയാണ്. അതിനാല്‍ മണ്ണില്‍ സംഭവിക്കേണ്ട ജലപുനർനിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ക്ക് മുന്തിയ ഗുണമേന്മ ലഭിക്കാന്‍ വ്യത്യസ്ത രാസപദാർത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു എന്നതിനാല്‍ ദൂഷ്യഫലങ്ങളും കൂടുതലാണ്...

പുതു തലമുറ ഒന്നുമേ അറിയാതെ പോവുകയാണ് ധ്രുവപ്രദേശം മുതല്‍ ഭൂമദ്ധ്യരേഖവരെയുള്ള സകല ആവാസവ്യവസ്ഥകളുമായും ജനങ്ങളെ പരിചയപ്പെടുത്തി അവയുമായി ബന്ധപ്പെടുത്തുക എന്നതിനുള്ള ശ്രമമാണ് വേണ്ടത്. ആവാസവ്യവസ്ഥകളുടെ സേവനം മുതല്‍, വിശ്രമവേളയിലെ വിനോദങ്ങളും മലമുകളിലെ ആദ്ധ്യാത്മികാനുഭൂതികള്‍ വരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തണം. മണ്ണുമായും ജലവുമായും ചെടികളുമായും മരങ്ങളുമായും പക്ഷികളുമായും മൃഗങ്ങളുമായും നമുക്ക് ആ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. മനുഷ്യജീവനും പ്രകൃതിയിലെ സര്‍വചരാചരങ്ങളുമായുള്ള പാരസ്പര്യം അങ്ങനെ അടുത്തറിയുവാന്‍ സാധിക്കണം. അറിഞ്ഞവയെ സ്‌നേഹിക്കും, സ്‌നേഹിക്കുന്നവയെ സംരക്ഷിക്കും' എന്ന ഒരു ചൊല്ലുണ്ട്. കാട്ടില്‍ പോകുവാന്‍ സാധിച്ചില്ലെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കാട്ടിലെ കാവും കുളവുമായി പരിചയപ്പെടുത്തണം. നിര്‍ബന്ധമായും അല്‍പം കൃഷി ചെയ്യുവാന്‍ നമ്മുടെ പുതുതലമുറ പഠിക്കണം. ''നാം പ്രകൃതിയുടെ ഭാഗമാണ്- പ്രകൃതി നമ്മുടെയും'' എന്ന് തിരിച്ചറിയണം. ശുദ്ധജലം, ശുദ്ധവായു, പരിശുദ്ധമായ മണ്ണ്- ഇതാകട്ടെ നമ്മുടെ ലക്ഷ്യം. ഇതാണ് ജീവന്‍ നിലനിര്‍ത്താനുള്ള എളുപ്പവഴി. ഈ ലോകത്ത് കോടാനുകോടി നക്ഷത്രസമൂഹങ്ങളും ഓരോ നക്ഷത്രസമൂഹത്തിലും കോടിക്കണക്കിന് നക്ഷത്രങ്ങളും ഓരോ നക്ഷത്രങ്ങള്‍ക്കുചുറ്റും അനേകം ഗ്രഹങ്ങളുമുണ്ടെങ്കിലും ഭൂമുഖത്ത് മാത്രമാണ് ജീവനുള്ളത്. അത് ഈശ്വരേച്ഛയാണ്. അതുകൊണ്ട് ജീവജാലങ്ങളെ സംരക്ഷിക്കുകയെന്നത് ഈശ്വരസേവയാണ്-പവിത്രകര്‍മ്മമാണ്. അതുകൊണ്ടുതന്നെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നതെല്ലാം ദൈവ നിന്ദയായ പാപമത്രേ . ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള പവിത്രമായ പരിസ്ഥിതി സംരക്ഷണം ഏറ്റെടുകേണ്ടതുണ്ട് . അതിനുള്ള പ്രതിജ്ഞയെടുക്കാനുള്ള സുദിനമാണ് ഓരോ പരിസ്ഥിതി ദിനവും . മരത്തൈകള്‍ വച്ചുപിടിപ്പിച്ച് , നീര്‍ക്കുഴികളെടുത്ത് , പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ നട്ടുപിടിപ്പിക്കുന്നതെല്ലാം പരിസ്ഥിതിപ്രവര്‍ത്തനമാണ്. ഒരു പൂമ്പാറ്റക്ക് തേന്‍ കുടിക്കാനുള്ള പൂച്ചെടി വച്ചുപിടിപ്പിക്കുന്നതും ഒരു കിൡക്ക് കൂടുകൂട്ടാനുള്ള മരം നട്ടുപിടിപ്പിക്കുന്നതെല്ലാം പുണ്യകര്‍മ്മമാണ്. പുണ്യം നേടാനുള്ള സത്കര്‍മ്മമാണ് പരിസ്ഥിതി സംരക്ഷണവും. നമ്മുടെ സങ്കല്‍പ്പവും ഭാവവും പ്രധാനമാണ്. നമ്മുടെ സ്വഭാവം അതായി മാറട്ടെ.

article, enivronmental, day, june 5