കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


അണങ്കൂർ, ജൂൺ 15, 2018 • കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ദേശീയ പാതയിൽ കാസറഗോഡ് അണങ്കൂരിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായി മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും വിദ്യാനഗറിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഓടിച്ചിരുന്ന തളങ്കര പള്ളിക്കാല്‍ മുപ്പതാംമൈല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നിസാമുദ്ദീന്‍ (21) ആണ് മരിച്ചത്. പടുവടുക്കത്ത് ഒരു വാടക വീട്ടിലാണ് ഇവർ താമസം. ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി രാജു (62) വും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ഓട്ടോറിക്ഷയിലേക്കും നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കും ഇടിച്ച ശേഷം ലോറി മറിയുകയായിരുന്നു. കണ്ടെയ്നറിൽ ഉണ്ടായിരുന്ന കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ലോറിയിൽ ഉണ്ടായിരുന്നത് മംഗളുരുവിലേക്ക് റീഫിൽ ചെയ്യാൻ പോവുകയായിരുന്ന ഒഴിഞ്ഞ സിലിണ്ടറുകളായതിനാൽ വൻ അപകടം ഒഴിവായി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിസാമുദ്ദീൻറെ മാതാവ്: മിസിരിയ. സഹോദരങ്ങള്‍: ഫാറൂഖ്, അഫ്‌സല്‍, ഫിറോസ്, മെഹ്‌റൂഫ്, റൈഹാന, ഖമറുന്നിസ, മുര്‍ഷാന.
accident, youth, died, news, kasaragod,