രാഷ്ട്രീയ നയ വിശദീകരണം നൽകി യെഡ്യൂരപ്പ രാജിവെച്ചു


ന്യൂഡൽഹി/ബെംഗളൂരു • വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽകെ കർണാടക നിയമസഭയിൽ വികാരാധീനനായി യെഡിയൂരപ്പയുടെ പ്രസംഗം. ‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രസിഡന്റായത് 2016ലാണ്. പാര്‍ട്ടി കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്’– യെഡിയൂരപ്പ പറഞ്ഞു.

കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുകയാണ്. ‘കാണാതായ’ കോൺഗ്രസ് എംഎൽഎമാരായ പ്രതാപ് ഗൗഡയും ആനന്ദ് സിങ്ങും നിയമസഭയിൽ എത്തിയതോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഭൂരിപക്ഷം തെളിയിക്കാനാകാത്ത സാഹചര്യമുണ്ടായാൽ യെഡിയൂരപ്പയ്ക്ക് സഭയ്ക്കു മുന്നിൽ അവതരിപ്പിക്കാനായി രാജിക്കത്ത് തയാറാക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിന് രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ 117 പേരുടെ പിന്തുണയാണുള്ളത്. ബിജെപിക്ക് 104 എംഎൽഎമാരുമുണ്ട്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 111 പേരുടെ പിന്തുണയാണ് വേണ്ടത്.