115 എംഎൽഎമാരുടെ കത്ത് ഗവർണ്ണർക്ക് കൈമാറിയതായി സൂചന; യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും


ബം​ഗ​ളൂ​രു • ബി.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. നാളെ രാവിലെ 9.30 ഓടെ സത്യപ്രതിജ്ഞ നടക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതുമായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിക്കണമെന്ന ആവശ്യവുമായി യെദിയൂരപ്പ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെ​യെ സന്ദർശിച്ചിരുന്നു. പിന്തുണ ഉറപ്പാക്കുന്ന 115 എം.എൽ.എമാരുടെ കത്തും യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. 

രാജ്ഭവനിൽ നിന്നും പുറത്തിറങ്ങിയ യെദിയൂരപ്പ ഉചിതമായ തീരമാനമെടുക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി വാർത്താ ലേഖകരോട് വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. ഇന്ന് രാവിലെ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ യെദിയൂരപ്പയെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. 

104 എം.എൽ.എമാരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി എങ്ങനെയാണ് 115 എം.എൽ.എമാരുടെ ഒപ്പ് ഉറപ്പാക്കിയത് എന്ന് വ്യക്തമല്ല. ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഒരു സ്വതന്ത്ര എം.എൽ.എ ഇന്ന് രാവിലെ വ്യക്തമായിരുന്നു. അങ്ങനെയെങ്കിൽ കുതിരക്കച്ചവടത്തിലൂടെ 10 എം.എൽ.എമാരെ ബി.ജെ.പി വിലക്ക് വാങ്ങുകയായിരുന്നു എന്ന് വ്യക്തമാണ്. 

അതേസമയം, ഇന്ന് നടന്ന കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ നാല് കോൺഗ്രസ് എം.എൽ.എമാർ പങ്കെടുത്തില്ല എന്നാണ് വിവരം. എട്ട് മണിക്ക് തുടങ്ങാൻ നിശ്ചയിച്ചിരുന്ന നിയമസഭാകക്ഷി യോഗം ഇതുവരെ തുടങ്ങാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവരെ യോഗത്തിനെത്തിക്കാൻ വിമാനം ഏർപ്പാടാക്കിയതായും വാർത്തയുണ്ട്. ജെ.ഡി.എസിന്‍റെ നിയമ സഭാ കക്ഷി യോഗവും ഇതുവരെ തുടങ്ങാനായിട്ടില്ല. എന്നാൽ, കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ എം പി അറിയിച്ചിരുന്നു. ജെ.ഡി.എസുമായി കക്ഷി ചേര്‍ന്ന് മന്ത്രി സഭ രൂപീകരിക്കുന്ന കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ നിരസിച്ചാല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

karnataka, news, bjp, election,