യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിഷേധവുമായി കോൺഗ്രസ്


ന്യൂഡല്‍ഹി • കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്.യെദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17-ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച്‌ ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരിയപ്പ പ്രഖ്യാപിച്ചിരുന്നത്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറുകയായിരുന്നു.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.

ബി.എസ്.യെദ്യൂരിയപ്പ കേവലഭൂരിപക്ഷത്തിന് ഏഴ്‌പേരെക്കൂടി എങ്ങനെ കണ്ടെത്തുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എച്ച്‌.ഡി കുമാരസ്വാമി ജയിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് ഒഴിയുമ്ബോള്‍ സഭയുടെ അംഗബലം 221. കേവലഭൂരിപക്ഷത്തിന് വേണ്ടത് 111 പേരുടെ പിന്തുണ.

ബിജെപിക്ക് 104 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്താകട്ടെ 117 പേരും. കേവലഭൂരിപക്ഷത്തിന് വേണ്ട 111 തികയ്ക്കാന്‍ ബിജെപിക്കു മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്.

ഒന്നാമത്തെ സാധ്യത

എതിര്‍പക്ഷത്തെ ഏഴ്‌പേര്‍ കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്യണം.
ബിജെപി 104 എതിര്‍പക്ഷത്തെ എംഎല്‍എമാര്‍7 = 111

രണ്ടാമത്തെ സാധ്യത

എതിര്‍പക്ഷത്തെ 14 പേര്‍ നിയമസഭയില്‍ ഹാജരാകില്ലെന്ന് ഉറപ്പാക്കുക

അങ്ങനെയെങ്കില്‍ 207 അംഗസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 104. ഈ അംഗബലം ബിജെപിയ്ക്ക് ഉണ്ട്.

മൂന്നാമത്തെ സാധ്യത

എതിര്‍പക്ഷത്തെ ഏതാനും എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുക. മറ്റ് ചിലര്‍ ഹാജരാകില്ലെന്നും ഉറപ്പു വരുത്തുക.

സഭയുടെ അംഗബലം കുറയുന്നതിനൊപ്പം കൂറുമാറി വരുന്നവരുടെ വോട്ട് കൂടി ലഭിക്കുമ്ബോള്‍ വിശ്വാസവോട്ട് നേടാം.

yeddyurappa-oath-as-karnataka-chief-minister