നിപ വൈറസ്; യാത്രാവിലക്ക് ഉണ്ടാകാൻ സാധ്യതയെന്ന സന്ദേശം വാട്സാപ്പിൽ പ്രചരിക്കുന്നു; പ്രവാസികൾ ആശങ്കയിൽ


കാസറഗോഡ് • യാത്രാവിലക്ക് ഉണ്ടാകാൻ സാധ്യതയെന്ന സന്ദേശം വാട്സാപ്പിൽ പ്രചരിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കി. കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കിന് സാധ്യതയെന്നും, നാട്ടിലുള്ള പ്രവാസികൾ എത്രയും പെട്ടന്ന് തിരിച്ചു പോകണമെന്നും നാട്ടിലേക്ക് വരാനുദ്ദേശിക്കുന്നവർ യാത്ര ഒഴിവാക്കണമെന്നുമാണ് വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്തയുടെ ഉള്ളടക്കം. എന്നാൽ ഔദ്യോഗികമായി ഇത്തരത്തിലുള്ള വിശദീകരണങ്ങളോ അറിയിപ്പുകളോ ലഭിച്ചിട്ടില്ല. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുക വഴി യാത്രാവിലക്ക് ചോദിച്ച് വാങ്ങുന്ന സാഹചര്യമായിരിക്കും ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് ഇത്തരം നിർദേശങ്ങൾ ലഭിക്കുകയാണെങ്കിൽ തന്നെ ഔദ്യോഗിഗമായി ബന്ധപ്പെട്ടവർ അറിയിപ്പുകൾ നൽകും. ഇത് വരെ യാത്രാ വിലക്കുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും പുറത്ത് വിട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ഊഹാ പോഹം മാത്രമാണ്. പക്ഷെ വർഷങ്ങൾക്ക് മുമ്പ് പക്ഷിപ്പനി (H1N1) പിടിപെട്ട സമയത്ത് പ്രതിരോധ കുത്തിവെപ്പ് ചെയ്യാത്തതിനാൽ നിരവധി പേരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് ഇപ്പോൾ കിംവദന്തി പ്രചരിക്കുന്നത്.

'നിപ വൈറസ് ബ്രോയിലർ ചിക്കനിലൂടെയും' എന്ന വിധത്തിലും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ യാതൊരു കഴമ്പുമില്ലാത്തതാണ്. 'നിപ' വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചുട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വരുന്ന ഇത്തരം സന്ദേശങ്ങൾ മുഖവിലക്കെടുക്കേണ്ടതില്ല.

fake, messages, spreading, whatsapp, news, kerala, kumbla,