കര്‍ണാടകയില്‍ ജനാധിപത്യത്തിന് വധശിക്ഷ - വെല്‍ഫെയര്‍ പാര്‍ട്ടി


മഞ്ചേശ്വരം • കര്‍ണാടകയില്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കുക വഴി ജനാധിപത്യത്തിന് വധശിഷ വിധിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സുപ്രിം കോടതി സത്യപ്രതിജ്ഞ അനുവദിച്ചത് ദൗര്‍ഭാഗ്യകരമാണ്. ഗവര്‍ണരുടെ നടപടി ജനങ്ങളില്‍ കോടതിയോടുള്ള വിശ്വാസ്യത കുറയാനിടയാക്കും. നിലവിലുള്ള എല്ലാ കീഴ് വഴക്കങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായാണ് ഭൂരിപക്ഷമില്ലാത്ത യദിയൂരപ്പയെ ഗവര്‍ണര്‍ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത്. കോണ്‍ഗ്രസും ജനതാദളും ചേര്‍ന്നാല്‍ കേവലഭൂരിപക്ഷത്തിലേറെ ഉണ്ടെന്നിരിക്കെ ഈ കക്ഷികളിലെ എം.എല്‍.എ മാരെ ചാക്കിട്ടു പിടിച്ചാല്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും മന്ത്രിസഭയുണ്ടാക്കാനാവൂ എന്നത് സാമാന്യബോധമുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. കര്‍ണാടക ഗവര്‍ണര്‍ ഭരണഘടനാ-ജനാധിപത്യ മൂല്യങ്ങളുടെ അന്തക വേഷമാണ് കെട്ടിയാടിയത്. ബി.ജെ.പിയുടെ നാണം കെട്ട അധാര്‍മിക രാഷ്ട്രീയത്തിന് കുടപിടിക്കുന്ന ലജ്ജാകരമായ ഈ ചെയ്തി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ആര്‍എസ്.എസ് വിധേയരെ ഗവര്‍ണര്‍മാരായി നിയമിച്ച് ബി.ജെ.പിക്ക് വഴങ്ങാത്ത എല്ലാ സംസ്ഥാനങ്ങളിലും ജനവിധികളെ അട്ടിമറിക്കുന്ന രീതിയാണ് അവര്‍ തുടര്‍ന്നു പോരുന്നത്. ഗോവയിലും മണിപ്പൂരിലുമെല്ലാം അതാണ് കണ്ടത്. അതിന്റെ തുടര്‍ച്ചയാണ് കര്‍ണാടകത്തിലും സംഭവിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്തിറങ്ങണം. ജനങ്ങളൊന്നായി പ്രക്ഷോഭങ്ങളുയര്‍ത്തുക മാത്രമാണ് രാജ്യം നേരിടുന്ന ഈ ദുര്‍വിധിക്ക് അറുതി വരുത്താനുള്ള ഏക പോംവഴി. ജനകീയ മുന്നേറ്റങ്ങള്‍ക്ക് മാത്രമാണ് ഭരണഘടനാ സ്ഥാപനങ്ങള്‍ വരുത്തിയ ഗുരുതരമായ തെറ്റ് തിരുത്താനാവുക. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ ഐക്യത്തോടെ നിന്ന് കര്‍ണാടകയില്‍ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പോരാട്ടങ്ങള്‍ കെട്ടിപ്പടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഫെലിക്സ് ഡിസൂസ, സാഹിദാ ഇല്യാസ്, അഡ്വ.എം.സി.എം അക്ബർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബഷീർ ആരോ സ്വാഗതവും ഖാദർ കുഞ്ചത്തൂർ നന്ദിയും പറഞ്ഞു.

welfare-party-manjeshwaram, news, kumblavartha.com