പച്ചമ്പളയിലെ പുലി അഭ്യൂഹമല്ലെന്ന് സ്ഥിരീകരിച്ചു; പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം


കുമ്പള • മൂന്നു ദിവസമായി പുലിപ്പേടിയിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് പച്ചമ്പള നിവാസികൾ. ഏതോ കാട്ടിൽ നിന്ന് നാടിറങ്ങി വന്ന് ഒറ്റപ്പെട്ടു പോയ പുലിയല്ല, കുടുംബ സമേതമാണ് പുലി പച്ചമ്പളയിലെത്തിയിട്ടുള്ളത്. ഒരു പുലിയെയും ഒപ്പം രണ്ടു കുഞ്ഞുങ്ങളെയുമാണ് കഴിഞ്ഞ ദിവസം രാത്രി പച്ചമ്പള ക്വാർട്ടേഴ്സിൽ താമസിക്കുന്ന വീട്ടമ്മ കണ്ടത്. അടുക്കള ഭാഗത്ത് പുലിയെയും കുഞ്ഞുങ്ങളെയും കണ്ട് ഇവർ നിലവിളിച്ചപ്പോൾ പുലിയും കുഞ്ഞുങ്ങളും കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവത്രെ. തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ഒന്നിലധികം പ്രാവശ്യം പുലിയെക്കണ്ടതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ വിളിച്ചറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ച വനം വകുപ്പ് അധികൃതരും പൊലീസും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.  ജനവാസ സ്ഥലങ്ങളിൽ ഇറങ്ങിയ പുലിയെ കൂടുവച്ച് പിടിക്കുന്നതിന് പകരം പടക്കം പൊട്ടിച്ച് പുലിയെ മറ്റു സ്ഥലങ്ങളിലേക്ക് തുരത്താനാണ് അധികൃതരുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.

tiger-in-pachambala-local-afraid, bandiyod,