വേനൽ മഴ; കർഷക മനസുകളിൽ കുളുർമഴ


കുമ്പള: തിങ്കൾ, ചൊവ്വ രാത്രികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത വേനൽമഴ കർഷക മനസുകൾക്ക് കുളുർമഴയായി. കത്തിക്കാളുന്ന വേനലിനെ തണുപ്പിക്കുന്നതിന് ഏപ്രിൽ മാസം ജില്ലയിൽ പെയ്ത മഴ ഔദ്യോഗിക കണക്കു പ്രകാരം നൂറു ശതമാനമാണ്. അതിനിടെ കാലവർഷം നേരത്തെ ഉണ്ടാകുമെന്ന പ്രവചനവുമുണ്ടായിരുന്നു. ഈ മാസം അവസാനവാരം തന്നെ കാലവർഷം എത്തുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് തിങ്കൾ ചൊവ്വ ദിവസങ്ങളിൽ രാത്രിയിൽ വേനൽമഴ പെയ്തത്. കുളങ്ങളും കിണറുകളും പുഴയും തോടും വറ്റി വെള്ളം ധാരാളമായി ആവശ്യമുള്ള തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ വ്യാപകമായി നാശത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് വേനൽ മഴ കർഷകരുടെ മനം നിറച്ചത്. ഇനി മഴ പെയ്തില്ലെങ്കിലും പ്രതീക്ഷിക്കുന്നതു പോലെ കാലവർഷം നേരത്തെ എത്തിയാൽ ഇടയ്ക്ക് വച്ച് ഒരു പ്രാവശ്യം മാത്രം തെങ്ങ്, കവുങ്ങ്, വാഴ എന്നീ തോട്ടങ്ങൾ നനച്ചാൽ മതിയാകുമെന്ന് പരമ്പരാഗത കർഷകർ പറയുന്നു.

summer, rain, kerala, kasaragod,