വകുപ്പുകളുടെ ഏകീകരണത്തിനും ആനുകൂല്യ നിഷേധത്തിനുമെതിരെ എസ്.ഇ.യു. പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.


കാസർഗോഡ് • അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന വകുപ്പുകളുടെ ഏകീകരണ നീക്കം ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ജീവനക്കാരുടെ ഭവന വായ്പ നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൽ.എസ്.ജി.ഡി, ടൗൺ പ്ലാനിംഗ് തുടങ്ങിയ വകുപ്പുകളുടെ ഏകീകരണ നീക്കം ജീവനക്കാരുടെ വകുപ്പുതല പ്രമോഷനെ പ്രതികൂലമായി ബാധിക്കുന്നതും,അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്നതുമാണ്.

ഒരു വർഷമായി ജീവനക്കാരുടെ ക്ഷാമബത്ത നിഷേധിക്കുകയും, ഭവന വായ്പ മരവിപ്പിച്ച് ഇല്ലാതാക്കാനുമുള്ള നീക്കങ്ങൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്തിന്റെ ഭാഗമാണ്. ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിൻമാറാത്ത പക്ഷം തുടർ പ്രക്ഷോഭത്തിന് എസ്.ഇ.യു.നേതൃത്വം നൽകുമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ഉപാദ്ധ്യക്ഷൻ നാസർ നങ്ങാരത്ത് പറഞ്ഞു.

പ്രകടനത്തിന് ജില്ലാ എസ്.ഇ.യു.പ്രസി: ഒ.എം ഷഫീക്ക്, ജന.സെക്ര: കെ.എൻ.പി.മുഹമ്മദലി, ടി.കെ.അൻവർ, എ.എ.റഹ്മാൻ നെല്ലിക്കട്ട, നൗഫൽ നെക്രാജെ, അബ്ദുൽ റഹ്മാൻ മൊഗ്രാൽ, സിയാദ് പി, മജീദ് കൊപ്പള, മുസ്തഫ കെ.എ, ആസിയമ്മ ഇ.എ, ഇബ്രാഹിം മഞ്ചേശ്വരം, മുഹമ്മദ് കെ, അഷറഫ് അത്തുട്ടി, ഷെബിൻ ഫാരിസ്, എ.എ.മുഹമ്മദ് കുഞ്ഞി ബേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

seu, kasaragod, protest, news,