ജില്ലാ സീനിയർ ഡിവിഷൻ ഫുട്ബോൾ ലീഗ്; മൊഗ്രാൽ ചാമ്പ്യൻമാർ


മൊഗ്രാൽ • കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ സീനിയര്‍ ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് (എംഎസ്‌സി) കിരീടം ചൂടി. തൃക്കരിപ്പൂര്‍ നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്ന അവസാന സൂപ്പർ ലീഗ് മത്സരത്തില്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍മാരായ ആക്മി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് നോര്‍ത്ത് സോണ്‍ ചാമ്പ്യന്‍മാരായ മൊഗ്രാല്‍ ജില്ലാ കിരീടം ചൂടിയത്. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു മൊഗ്രാലിന്റെ വിജയം. ശാഫിയും പെനാല്‍റ്റിയിലൂടെ ഷജീറുമാണ് മൊഗ്രാലിന് വേണ്ടി ഗോള്‍ നേടിയത്. മൂന്നാം ഗോള്‍ ആക്മിയുടെ വക സെല്‍ഫ് ഗോളായി ലഭിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സീനിയര്‍ ഡിവിഷന്‍ സെന്‍ട്രല്‍ സോണ്‍ ചാമ്പ്യന്‍മാരായ റെഡ്സ്റ്റാര്‍ പെരിയയെയും മൊഗ്രാല്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. സൂപ്പര്‍ ലീഗിലെ രണ്ട് മത്സരങ്ങളും ജയിച്ചാണ് മൊഗ്രാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം ചൂടിയത്. കഴിഞ്ഞ സീസണിലും മൊഗ്രാല്‍ തന്നെയായിരുന്നു ജില്ലാ സീനിയര്‍ ഡിവിഷന്‍ ചാമ്പ്യന്‍മാര്‍. സൂപ്പര്‍ ലീഗില്‍ ആക്മി തൃക്കരിപ്പൂര്‍, റെഡ് സ്റ്റാര്‍ പെരിയ ടീമുകള്‍ക്ക് പോയിന്റ് നില തുല്യമായതിനാൽ നറുക്കെടുപ്പിലൂടെ റെഡ് സ്റ്റാര്‍ പെരിയയെ രണ്ടാം സ്ഥാനക്കാരായി തെരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍ കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

mogral, senior, football, league, champions,football-mogral-champion