പ്ലസ് ടു ഹ്യുമാനിറ്റീസ് ; ഉപരി പഠന സാധ്യതകളും പ്രസക്തിയും


അനുദിനം മാറി വരുന്ന തൊഴിൽ മേഖലകളിൽ അതിന്റേതായ പ്രസക്തിക്കും സാധ്യതകൾക്കും ഒട്ടും മങ്ങലേൽക്കാതെ നിലകൊള്ളുന്ന വിഷയങ്ങളാണ് ഹ്യുമാനിറ്റീസ് അഥവാ മാനവിക വിഷയങ്ങൾ. 

വിവിധ ഭാഷകൾ, ചരിത്രം, ഭൂമി ശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സൈക്കോളജി തുടങ്ങിയ വിഷയങ്ങൾക്ക് ഐഐടി പോലുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പോലും സ്ഥിരം കോഴ്സുകൾ നടത്തപ്പെടുന്നുണ്ട്. രാജ്യത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റികളിലെല്ലാം ഹ്യുമാനിറ്റീസിന് വലിയ പ്രാധാന്യം നൽകി വരുന്നുണ്ട്.

അധികാരത്തിന്റെ മൂന്ന് പ്രധാന മേഖലകളായ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയിൽ ഉന്നത സ്ഥാനങ്ങളിൽ നിയമനം നേടാൻ ഹ്യുമാനിറ്റീസ് കോഴ്സുകളാണ് അഭികാമ്യം. ഗ്രാമ പഞ്ചായത്തുകളിലെ ഏറ്റവും ചെറിയ തസ്തിക മുതൽ ഐക്യരാഷ്ട്രസഭയിലെ ഏറ്റവും ഉന്നതമായ തസ്തികകൾ വരെ ഉയർന്നു നിൽക്കുന്നു ഹ്യുമാനിറ്റീസിന്റെ സാധ്യതകൾ. ഐ എ എസ്, ഐ പി എസ് തുടങ്ങി അധികാരത്തിന്റെ ഉന്നത തലങ്ങളിൽ അവരോധിക്കപ്പെടാനുള്ള മത്സരപ്പരീക്ഷകൾക്ക് താത്പര്യപ്പെടുന്നവർക്കും തയ്യാറെടുക്കുന്നവർക്കും ഏറ്റവും സാധ്യതയുള്ളതും അഭികാമ്യവുമായ വിഷയങ്ങളൾ ഹ്യുമാനിറ്റീസ് തന്നെയാണ്. കൊമേഴ്സ് മാനേജ്മെന്റ് കോഴ്സുകളിൽ പ്രാവീണ്യമുളളവരുടെ നിയമനവുമായി ബന്ധപ്പെട്ടു പോലും അവരിൽ തന്നെ ഇക്കണോമിക്സിൽ പ്രാവീണ്യമുള്ളവർക്കാണ് മുൻഗണന ലഭിക്കുന്നത്.

സി എ, ഐ സി ഡബ്ല്യു എ തുടങ്ങി അക്കൗൻഡൻസി അടിസ്ഥാനമായ കോഴ്സുകൾക്കുള്ള പ്രവേശനപ്പരീക്ഷകൾ ഫൗണ്ടേഷൻ കോഴ്സുകൾ എന്നിവയിൽ പോലും ഹ്യുമാനിറ്റീസ് പഠിച്ചവർ മികവ് കാട്ടുന്നതായി കണ്ടുവരുന്നുണ്ട്. ഇക്കണോമിക്സിനോടൊപ്പം സ്റ്റാറ്റിസ്റ്റിക്സ് കൂടി പഠിക്കുന്നു എന്നതാണ് ഇവരെ മുന്നേറ്റത്തിന് പ്രാപ്തരാക്കുന്നത്. സർക്കാർ തലത്തിലുള്ള നിയമനങ്ങൾക്ക് കേന്ദ്ര സർക്കാർ നടത്തുന്ന യു പി എസ് സി പരീക്ഷകളിലും കേരള സർക്കാർ നടത്തുന്ന കെ പി എസ് സി പരീക്ഷയിലും മാനവിക വിഷയങ്ങൾ പഠിച്ചവർ ഉയർന്ന റാങ്കുകൾ നേടുന്നുണ്ട്. ഓരോ വർഷവും പ്ലസ് ടു, ബിരുദ, ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി ലക്ഷക്കണക്കിന് ഒഴിവുകളാണ് സർക്കാർ തലങ്ങളിൽ റിപോർട്ട് ചെയ്യപ്പെടുന്നത്. ഈ ഒഴിവുകളിൽ നിയമനം നേടുന്നതിനുള്ള മത്സരപ്പരീക്ഷകളിൽ മാനവിക വിഷയങ്ങൾ പഠിച്ചവരാണ് മികവ് കാട്ടുന്നത്. എന്തുകൊണ്ടെന്നാൽ ഹ്യുമാനിറ്റീസ് കോഴ്സുകൾ പഠിക്കുന്നവർ നേടുന്ന ജനറൽ നോളജും ആനുകാലിക അറിവുകളും ഇതര വിഷയങ്ങളെടുത്ത് പഠിക്കുന്നവർക്ക് ലഭിക്കുന്നില്ല. പി എസ് സി പരീക്ഷകൾക്ക് വരുന്ന ചോദ്യങ്ങളിൽ അമ്പതു ശതമാനവും ഉദ്യോഗാർത്ഥിയുടെ ആനുകാലിക അറിവുകളും ജനറൽനോളജും പരീക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്.

സർക്കാർ/ അർദ്ധ സർക്കാർ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളമാണ് ഇന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല, ജോലി സുരക്ഷിതത്വവും പെൻഷനും ലഭിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം സർക്കാർ തൊഴിൽ മേഖലകളിലേക്ക് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നു.

സാധാരണ നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കു പോലും പരിശ്രമം കൊണ്ട് ഉയർന്ന ഗ്രേഡുകൾ നേടാൻ കഴിയുന്നു എന്നതാണ് ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ പ്രത്യേകത.

ലേഖകൻ : അബു ഹസൻ 

plus-two-humanities-article,