ക്രൂഡോയിൽ വില കുതിക്കുന്നു; കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഡീസൽ പെട്രോൾ വില ലിറ്ററിന് എട്ടു രൂപ വരെ കൂട്ടിയേക്കും


ന്യൂഡൽഹി •  രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കർണ്ണാടക തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തെ കാത്തിരിക്കുന്നത് വൻ വിലക്കയറ്റം. കേന്ദ്ര സർക്കാറിന്റെ കനത്ത സമ്മർദ്ദം മൂലം പെട്രൊൾ ഡീസൽ വില ദിവസേന പുനർ നിശ്ചയിക്കുന്നത് പെട്രോൾ കമ്പനികൾ താത്കാലികമായി നിർത്തിവെച്ചിരിക്കയാണ്. മെയ് പന്ത്രണ്ടിന് തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോൾ വില നിശ്ചയിക്കുന്നത് പഴയ പടിയാകും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വിലക്കയറ്റവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കണക്കിലെടുത്ത് കനത്ത വില വർദ്ധനവിനാണ് കമ്പനികൾ പിന്നണിയിൽ കോപ്പു കൂട്ടുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പു കുത്തുകയാണ്. അടുത്ത മാസത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം എഴുപത് കടന്നേക്കും. ഇത് പെട്രോളിയം ഉത്പന്നങ്ങളോടൊപ്പം മറ്റു ഇറക്കുമതി സാധങ്ങളുടെ വിലയും വർദ്ധിപ്പിക്കാൻ ഇടയാകും.

തിരെഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നികുതികൾ ഉൾപ്പടെ നാലു രൂപയെങ്കിലും വർധിപ്പിക്കാനാണ് നീക്കം. തുടർന്ന് രണ്ടാഴ്ച കൊണ്ട് നാലു രൂപ മുതൽ ആറു രൂപ വരെ കൂടാം. ഇങ്ങനെയായാൽ ജൂൺ പകുതിയോടെ ഡീസൽ വില 75ഉം പെട്രോൾ വില 85 ഉം കടന്നേക്കും. ഇത് ആശങ്കാജനകമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും ഇടയാക്കിയേക്കും. 2019 ൽ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും ഈ വർഷാവസാനം മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തിരെഞ്ഞെടുപ്പുകൾ നടക്കുന്നതിനാലും പ്രതിപക്ഷ പാർട്ടികളിൽ നിന്നും എൻ.ഡി. എയിൽ നിന്നു തന്നെയും വിപണിയിൽ ഇടപെടാൻ കേന്ദ്ര സർക്കാറിനു മേൽ കനത്ത സമ്മർദ്ദമുണ്ട്. ഈ സമ്മർദ്ദം ഫലം കണ്ടാൽ മാത്രമേ  ജനങ്ങൾക്ക് ആശ്വാസത്തിന് വകയുള്ളൂ.

oil, petrol diesel, price, hike, kerala, karnataka, election,petrol-price-may-rise-post-karnataka-elections