ഉച്ചക്കഞ്ഞി; പുതിയ നിർദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്


തിരുവനന്തപുരം • മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണപദ്ധതി തുടങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിരവധി നിര്‍ദേശങ്ങളാണുള്ളത്.

പ്രധാന നിര്‍ദേശങ്ങള്‍

2018 മാര്‍ച്ചില്‍ സ്‌കൂളുകളില്‍ മിച്ചമുള്ള അരി ഉപയോഗയോഗ്യമാണോയെന്ന് നൂണ്‍ ഫീഡിങ് ഓഫീസര്‍മാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വിവരം രേഖാമൂലം എ.ഇ.ഒ.ഓഫീസില്‍ അറിയിക്കണം. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളും ജലസംഭരണികളും പാചക ശാലയുടെ പരിസരവും നിര്‍ബന്ധമായും ശുചീകരിച്ചിരിക്കണം. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം അടച്ചുറപ്പുണ്ടെന്ന് ഉറപ്പുവരുത്തണം. 25-ന് മുമ്പായി എല്ലാ പാചകത്തൊഴിലാളികളുടെയും ആരോഗ്യ കാര്‍ഡ് പ്രഥമാധ്യാപകര്‍ വാങ്ങി സ്‌കൂളില്‍ സൂക്ഷിക്കണം. കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തണം. 31-ന് മുമ്പായി ഇന്‍ഡന്റ് പ്രകാരമുള്ള അരി മാവേലി സ്റ്റോര്‍ അല്ലെങ്കില്‍ എഫ്.സി.ഐ.യില്‍നിന്ന് വാങ്ങി സ്‌കൂളില്‍ സൂക്ഷിക്കേണ്ടതാണ്.

വിപണിയില്‍നിന്നുള്ള അച്ചാര്‍ പാടില്ല

നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ചേര്‍ന്ന് ജൂണ്‍ മാസത്തെ വിഭവങ്ങള്‍ തീരുമാനിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. രസം, അച്ചാര്‍ എന്നിവയുടെ ഉപയോഗം കഴിവതും ഒഴിവാക്കണം. വിപണിയില്‍നിന്ന് വാങ്ങുന്ന അച്ചാര്‍ ഒരുകാരണവശാലും ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഇക്കുറി പാചകത്തിന് പൂര്‍ണമായും പാചകവാതകം ഉപയോഗിക്കണമെന്ന മാനദണ്ഡവുമുണ്ട്.