കുമ്പള ബസ് സ്റ്റാന്റിന് ഇനിയും നടപടിയായില്ല; മഴക്കാലത്തിന് മുമ്പായി താത്കാലിക ഷെഡ് നിർമ്മിക്കാൻ അര ലക്ഷം മാറ്റി വെച്ചു


കുമ്പള • കുമ്പള ബസ് സ്റ്റാന്റിന് ഇനിയും നടപടിയായില്ല. പകരം, മഴക്കാലത്തിന് മുമ്പായി താൽകാലിക ഷെഡ്ഡ് നിർമ്മിക്കുമെന്ന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ഡരീകാക്ഷ കുമ്പള വാർത്തയോട് പറഞ്ഞു. കാലപ്പഴക്കം മൂലം പൊളിഞ്ഞു വീഴാറായ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏറെ മുറവിളികൾക്ക് ശേഷം മാസങ്ങൾക്ക് മുമ്പ് പൊളിച്ചുനീക്കിയിരുന്നു. പകരം ബസ്റ്റാന്റ് കോംപ്ലക്സ് ബദിയടുക്ക റോഡിൽ നിർമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നിർമാണവുമായി ബന്ധപ്പെട്ട ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ബസ്റ്റാന്റ് നിർമാണത്തിനായി പരിഗണിക്കുന്നെതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇതിനു വേണ്ടിയുള്ള നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം നിരവധി യാത്രക്കാരാണ് കാത്തു നിൽക്കുന്നതിന് ഒരു ബസ്റ്റാന്റ് കെട്ടിടം ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. മഴക്കാലം മുമ്പിൽ കണ്ട് കൊണ്ടാണ് പഞ്ചായത്ത് താത്കാലിക ഷെഡ്ഡ് നിർമിക്കാനൊരുങ്ങുന്നത്. സാങ്കേതിക പ്രശ്നമുള്ളതിനാൽ 50,000 രൂപയിൽ കൂടുതൽ തുക ബസ്സ്റ്റാൻഡ് താൽകാലിക ഷെഡിനായി നീക്കി വെക്കാൻ പറ്റില്ല എന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നത്.

temporary-shelter, kumbla, bustand, kasaragod,