ഖത്തറിൽ മകനെയും മരുമകനെയും കൂട്ടുകാരെയും കുടുക്കിയ നാട്ടിലെ കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുഹമ്മദും കുടുംബവും രംഗത്ത്


കുമ്പള • ഒരുപാട് ബാധ്യതകളും പ്രതീക്ഷകളുമായി ജോലിയന്വേഷിച്ച് ഖത്തറിൽ എത്തിയ തന്റെ മകനെയും മരുമകനെയും അവരുടെ കൂട്ടുകാരെയും കുടുക്കിയ നാട്ടിലെ കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പൈവളികെ ബള്ളൂരിലെ എൻ എം മുഹമ്മദ്, മകൻ ഗഫൂർ എന്നിവർ രംഗത്ത്. കഞ്ചാവ് മാഫിയയെ തുടച്ചു നീക്കിയില്ലെങ്കിൽ നാടിന് രക്ഷയില്ലെന്ന് കമ്പളയിൽ ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ഇരുവരും പറഞ്ഞു.

പതിനഞ്ചു ദിവസങ്ങൾക്കു മുമ്പാണ് മുഹമ്മദിന്റെ മകൻ റസാഖ്, മരുമകൻ നിസാർ, സുഹൃത്ത് മഞ്ചേശ്വരം പാപില സ്വദേശി നൗഫൽ എന്നിവരും സഹ താമസക്കാരായ മറ്റു രണ്ടു പേരും ഖത്തറിലെ 'മർക്യ'യിൽ ജോലി സ്ഥലത്തിനടുത്ത് ഇവർ താമസിക്കുന്ന മുറിയിൽ വച്ച് ഖത്തർ സിഐഡി യുടെ പിടിയിലാകുന്നത്. ഇവരുടെ മുറിയിൽ കഞ്ചാവ് പൊതിയുമായെത്തിയ തിരുവനന്തപുരം സ്വദേശിയായ ഒരാളെ പിന്തുടർന്നെത്തിയ സി ഐ ഡി അധികൃതരാണ് മുറിയിലുണ്ടായിരുന്ന ഈ അഞ്ചു പേരെയും കൂടി പിടിച്ചു കൊണ്ടു പോയത്. അതിന് ശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് മുഹമ്മദും കുടുംബവും പറയുന്നത്. മകനെയും ബന്ധുക്കളെയും ഒന്ന് തിരിച്ചു കിട്ടാൻ ഏതു വാതിലിലാണ് ചെന്ന് മുട്ടേണ്ടതെന്ന് ഇവർ ചോദിക്കുന്നു. 

ബള്ളൂർ സ്വദേശിയും നിലവിൽ സോങ്കാലിൽ താമസക്കാരനുമായ അബു എന്ന മാഫിയ തലവന്റെ നേതൃത്വത്തിലാണ് നാട്ടിലും വിദേശത്തും കഞ്ചാവ് വിൽപന നടക്കുന്നതെന്ന് മുഹമ്മദും ബന്ധുക്കളും ആരോപിക്കുന്നു. മുഹമ്മദിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തിലാണ് ഖത്തറിൽ ഇവർ താമസിക്കുന്ന മുറിയിലേക്ക് കഞ്ചാവ് എത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഗഫൂർ കുമ്പള സി ഐ ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു.

കഞ്ചാവ് മാഫിയക്കെതിരെ നാട്ടുകാർ ഒന്നടങ്കം മുന്നിട്ടിറങ്ങി പ്രവർത്തിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനത്തിൽ ഇവർക്കു പുറമെ ബി എ ബഷീർ, ഫാറൂഖ് മുന്നൂർ എന്നിവരും പങ്കെടുത്തു.

news, kumbla,ksaragod, kumbla, press, forem, kumbla-Muhammad-family