ഉറക്കമൊഴിച്ച് കർണ്ണാടക, സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു സ്റ്റേ ​ഇ​ല്ല; കോൺഗ്രസിന് തിരിച്ചടി


ന്യൂഡൽഹി • കർണാടക മുഖ്യമന്ത്രിയായി ബി.ജെ.പി സ്ഥാനാർത്ഥി ബി.എസ്. യെദിയൂരപ്പയ്‌ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി. അതേസമയം  ഗ​വ​ര്‍​ണ​ര്‍​ക്ക് നൽകിയ യെദ്യൂ​ര​പ്പ ഹാ​ജ​രാ​ക്കി​യ എം.എൽ.എമാരുടെ പിന്തുണക്കത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോൾ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

സത്യപ്രതിജ്ഞ മാറ്റി വെക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് - ജനതാദൾ എസ് സഖ്യം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇന്ത്യൻ ജനാധിപത്യത്തിൽ തന്നെ കേട്ട് കേൾവിയില്ലാത്ത അസാധാരണ നീക്കങ്ങൾക്കൊടുവിലാണ് ബുധനാഴ്‌ച പുലർച്ചെ ജസ്‌‌റ്റിസുമാരായ എ.കെ.സിക്രി,​ അശോക് ഭൂഷൺ,​ ബോബ്‌ഡേ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്‌താവം നടത്തിയത്. കേസിൽ യെദിയൂരപ്പയെ കക്ഷി ചേർക്കാൻ നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു. കേസിൽ ഇനിയും വാദം തുടരും.

കോൺഗ്രസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ ഹാജരായത്. ഭരണഘടന,​ നിയമവ്യവസ്ഥ,​ കീഴ്‌വഴക്കങ്ങൾ എന്നിവ ലംഘിച്ച് നടത്തിയ രാഷ്ട്രീയ തീരുമാനമാണ് ഗവർണർ നടത്തിയതെന്നും യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് കർണാടകയിൽ നടന്നിരിക്കുന്നത്. ഗവർണർക്ക് തോന്നിയവരെയല്ല സർക്കാർ രൂപീകരിക്കാൻ വിളിക്കേണ്ടത്. സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷമുള്ളവരെയാണ് ആദ്യം ക്ഷണിക്കേണ്ടത്. ഇത് സംബന്ധിച്ച സർക്കാരിയ കമ്മിഷൻ റിപ്പോർട്ടും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാനം മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ പരിഗണിക്കാവൂ. കുതിരക്കച്ചവടത്തിനുള്ള അവസരമാണ് കർണാടകയിൽ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. അതിനാൽ കോൺഗ്രസ് -ജനതാദൾ സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ നിർദ്ദേശിക്കണമെന്നും സിംഗ്‌വി ആവശ്യപ്പെട്ടു. കോൺഗ്രസ് -ജനതാദൾ സഖ്യത്തിനെ പിന്തുണച്ച് എം.എൽ.എമാർ നൽകിയ കത്തും അദ്ദേഹം കോടതിയിൽ ഹാജരാക്കി.

യെദിയൂരപ്പയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചതിനെയും സിംഗ്‌വി ചോദ്യം ചെയ്‌‌തു. താൻ നൽകിയ കത്തിൽ പോലും ഭൂരിപക്ഷം തെളിയിക്കാൻ യെദിയൂരപ്പ ആവശ്യപ്പെട്ടിരുന്നത് ഏഴ് ദിവസമാണ്. എന്നാൽ ഗവർണർ തന്റെ തന്നിഷ്‌ടം പോലെ 15 ദിവസം നൽകുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം തെളിയിക്കാൻ 48 മണിക്കൂറാണ് അനുവദിച്ചിരിന്നതെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി. എന്നാൽ യെദിയൂരപ്പയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഏത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് ഉത്തരം നൽകാൻ കഴിയാതെ വന്നതോടെയാണ് കോടതി ബി.ജെ.പിക്ക് അനുകൂലമായി വാക്കാൽ വിധി പ്രസ്‌താവിച്ചത്.

എന്നാൽ എല്ലാ നിയമവശങ്ങളും പരിശോധിച്ചതിന് ശേഷമാണ് യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നാണ് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുൾ റോത്ത്ഗിയുടെ വാദം. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാരുണ്ടാക്കാൻ ആദ്യം വിളിക്കുകയെന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാതിരാത്രിയിൽ പരിഗണിക്കേണ്ട എന്ത് പ്രാധാന്യമാണ് ഈ കേസിനുള്ളതെന്നും അദ്ദേഹം കോടതിയോട് ചോദിച്ചു. യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്ന ഗവർണറുടെ തീരുമാനം ബുധനാഴ്‌ച ഒമ്പതരയോടെ പുറത്ത് വന്നതിന് പിന്നാലെയാണ് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തി കോൺഗ്രസ് ഹർജി നൽകുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് ഹർജി ഉടൻ പരിഗണിക്കണമെന്ന കോൺഗ്രസ് ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.
news, karnataka, election, update, suprem court,