കർണാടക: അധികാരം കൈവിടാതിരിക്കാൻ ജെ ഡി എസ് കോൺഗ്രസ് സഖ്യം, ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം


ബംഗളൂരു • കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ഉണ്ടാക്കിയ അനിശ്ചിതത്വം മറികടക്കാൻ ജെ ഡി എസ് സഖ്യം.  ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കവുമായി ഇരു കക്ഷി നേതാക്കളും ഗവർണറെ കാണാൻ തീരുമാനിച്ചു. നൂറിലേറെ സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് രണ്ടാമതെത്തി. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നിലെ നിര്‍ണായക തീരുമാനം ജെ.ഡി.എസിന്‍റെ കോര്‍ട്ടിലായി. ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പുറമെ നിന്ന് പിന്തുണ നല്‍കും. ഇക്കാര്യം ജെ.ഡി.എസിനും പൂര്‍ണ്ണസമ്മതമാണ്.

മുതിര്‍ന്ന ജെ.ഡി.എസ് നേതാക്കളായ എച്ച്‌.ഡി. ദേവഗൗഡയുമായും കുമാരസ്വാമിയുമായും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ചര്‍ച്ച നടത്തി. വൈകീട്ട് ഇരുവരും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കം ചിത്രം മാറി മറിഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി കുതിച്ചുകയറി. കേവല ഭൂരിപക്ഷത്തിന് വേണ്ട 112 സീറ്റും കടന്നതോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പലരും ഉറപ്പിച്ചു. എന്നാല്‍, ഫിനിഷിങ്ങിലെത്തുമ്ബോള്‍ കേവല ഭൂരിപക്ഷത്തിലെത്താന്‍ ആര്‍ക്കുമായില്ല. ഇടക്ക് ജെ.ഡി.എസിനെ തള്ളി പറഞ്ഞതോടെ ബി.ജെ.പി നേതൃത്വവും വെട്ടിലായി. ഒറ്റക്ക് ഭരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞത്. എന്നാല്‍ അതിന് മുമ്ബ് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2013നേക്കാള്‍ മൂന്നിരട്ടിയിലധികം സീറ്റുകള്‍ നേടിയാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. അതേസമയം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബി.ജെ.പി മൈസൂര്‍ ഒഴികെ എല്ലാ മേഖകളിലും ആധിപത്യം നേടി. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബംഗളൂരുവിലും ബോംബെ കര്‍ണാടകത്തിലും ബി.ജെ.പി വലിയ വിജയം നേടി. മൈസൂര്‍ മേഖലയിലെ ബി.ജെ.പിയുടെ തിരിച്ചടി ജെ.ഡി.എസിന് നേട്ടമായി.

രണ്ട് സീറ്റുകളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ നിന്ന് തോല്‍വിയേറ്റു വാങ്ങി. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മോദിയുടെ പ്രസ്താവന പോലെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങും. ഗുജറാത്തില്‍ കരുത്ത് കാട്ടിയ രാഹുല്‍ ഗാന്ധിക്ക് കാര്‍ണാടകയിലെ തോല്‍വി വലിയ തിരിച്ചടിയാണ്.

news, karnataka, mangluru,