കർണ്ണാടക ബിജെപി മുന്നിൽ


ബംഗളൂരു • രാവിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി.ജെപിയും കോണ്‍ഗ്രസും കാഴ്ചവച്ചത്. ഒരവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറിയെങ്കിലും തീരദേശ,​ മദ്ധ്യ മേഖലകളടക്കം അഞ്ച് മേഖലകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബി.ജെ.പിയുടെ ലീഡ് കുതിച്ചു. കര്‍ണാടകയുടെ പ്രബല സമുദായമായ ലിംഗായത്തുകളും കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെ തുണച്ചു. ശിക്കാരിപുരയില്‍ നിന്ന് മത്സരിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പയുടെ പ്രഭാവം സമുദായ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി ഏകീകരിക്കുന്നതിന് ഇടയാക്കി. സര്‍വ മേഖലകളിലും കോണ്‍ഗ്രസിനെ തൂത്തെറിയുന്ന പ്രകടനമാണ് ബി.ജെ.പി കാഴ്ചവച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. അതേസമയം,​ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദിയൂരപ്പ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് വിജയം കണ്ടു. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മാജിക്കൊന്നും തിരഞ്ഞെടുപ്പില്‍ ഫലിച്ചില്ലെന്നുവേണം കരുതാന്‍. ഗുജറാത്തിലെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേര്‍ക്കുനേര്‍ നിന്ന പ്രചാരണത്തില്‍ വീണ്ടും വിജയം മോദിയുടെ ഭാഗത്തായി. പരാജയത്തോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും. ഒരുകൊല്ലത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത വെല്ലുവിളിയായിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രതീക്ഷിച്ച ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിന് കാലിടറിയപ്പോള്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. സംസ്ഥാനത്ത പ്രബല സമുദായമായ ലിംഗായത്തുകളെ ഒപ്പം നിറുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂനപക്ഷ പദവിയോടുള്ള പ്രത്യേക മതപദവി ശുപാര്‍ശ ചെയ്തിരുന്നു. എന്നിട്ടും ലിംഗായത്തുകള്‍ കോണ്‍ഗ്രസിനെ കാര്യമായി തുണച്ചില്ല. അവര്‍ ബി.ജെ.പിക്കൊപ്പം തന്നെ നിന്നു. കര്‍ണാടകയിലെ പ്രധാന മേഖലകളിലും കോണ്‍ഗ്രസിന് ലഭിച്ചത് തിരിച്ചടി മാത്രം. ഹൈദരാബാദ് കര്‍ണാടക, മുംബയ് കര്‍ണാടക, മദ്ധ്യ കര്‍ണാടക, തീരദേശ കര്‍ണാടക, ബംഗളൂരു എന്നിവിടങ്ങളിലും ബി.ജെ.പിയാണ് മുന്നില്‍. തങ്ങളുടെ ശക്തി കേന്ദ്രമായ മൈസൂര്‍ മേഖല നിലനിറുത്താന്‍ ജെ.ഡി.എസിന് കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മിക്ക മേഖലകളിലും വന്‍ ലീഡ് നിലനിറുത്തിയ കോണ്‍ഗ്രസ് ഇക്കുറിയ തീരദേശ മേഖലയിലും മൈസൂരും നിലനിറുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വോട്ടര്‍മാര്‍ കൈയൊഴിഞ്ഞതോടെ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി.

news, karntaka, elctions, news,karnataka-election-results-bjp