'കർണ്ണാടക തെരെഞ്ഞെടുപ്പ്' ഇന്ന് കലാശക്കൊട്ട്


കര്‍ണാടക • കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അങ്ങേയറ്റം പ്രവചനാതീതമാണ് തെരഞ്ഞെടുപ്പ് ചിത്രം. തീരദേശ മേഖലയില്‍ ഹിന്ദുത്വ പ്രചാരണത്തിന്‍റെ ബലത്തില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന് കരുതപ്പെടുന്നു. മധ്യ കര്‍ണാടകത്തില്‍ യെദിയുരപ്പ ഈശ്വരപ്പ ദ്വന്ത്വത്തിന്‍റെ കരുത്തില്‍ ബിജെപി മുന്നേറുമെന്നാണ് സൂചന. 

മൈസൂര്‍ മേഖലയില്‍ ജെഡിഎസുമായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം. ലിംഗായത്ത് ന്യൂനപക്ഷ പദവി തീരുമാനം കൊണ്ട് നിര്‍ണായകമായ ഉത്തര കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അപ്രവചനീയ പോരാട്ടമാണ് നടക്കുന്നത്. ഹൈദരാബാദ് കര്‍ണ്ണാടക മേഖലയില്‍ ഒബിസി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍. ബംഗ്ലൂരു നഗര മണ്ഡലങ്ങളില്‍ ബിജെപിയും ഗ്രാമ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മുന്നേറുമെന്ന് കരുതപ്പെടുന്നു.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപി മുന്നോട്ട് പോയത്. മൂന്നാം കക്ഷിയായ ജെഡിഎസ് തങ്ങളുടെ സ്വാധീന മേഖലകളില്‍ ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു.

karnataka-election-news, india, kerala, karntaka, elections, bjp, congress,