ലോകം നടന്ന് കാണാനിറങ്ങിയ ജർമ്മനിക്കാരൻ കുമ്പളയിലെത്തി


കുമ്പള • ലോകം മുഴുവൻ നടന്ന് കാണുക എന്ന ആഗ്രഹവുമായി ഇറങ്ങിയ ജർമ്മനിക്കാരനായ കുനോ എന്ന അറുപത്തിയേഴ്കാരൻ ഞായറാഴ്ച രാവിലെ കുമ്പളയിലെത്തി. 2017 ജൂൺ 18 ന് ജർമ്മനിയിലെ മ്യൂണിക്കിൽ നിന്നാണ് ഇദ്ദേഹം യാത്ര പുറപ്പെട്ടത്. ഒരു ഇരുചക്ര ട്രോളിയാണ് ഇദ്ദേഹം കൂടെ കരുതിയത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം ആഫ്രിക്ക വഴി മിഡിൽ ഈസ്റ്റിലെത്തി, ഇറാനിൽ നിന്ന് മുംബൈലേക്ക് വിമാനം കയറുകയായിരുന്നു. ജനുവരി 27 ന് ഇന്ത്യയിലെത്തിയ ഇദ്ദേഹം പൂനെ - ബംഗ്ലൂർ വഴി കന്യാകുമാരിയിൽ കാൽനടയായി യാത്ര ചെയ്തെത്തിയ ശേഷം ശ്രീലങ്കയിൽ പോകുകയായിരുന്നു ലക്ഷ്യം. കാന്യാകുമാരിയിൽ നിന്ന് ശ്രീലങ്കയിലേക്ക് പോകാൻ തടസ്സമുണ്ടെന്ന് മനസ്സിലാക്കിയ കുനോ തുടർന്ന് മധുരയിലെത്തി വിമാന മാർഗ്ഗം കോളംബോയിലേക്ക് പറന്നു. ശ്രീലങ്ക മുഴുവൻ കാൽനടയായി യാത്രചെയ്ത് തിരിച്ച് മധുരയിലെത്തിയ ശേഷം വീണ്ടും യാത്ര തുടർന്നു. ഇപ്പോൾ 900 കിലോമീറ്റർ യാത്രചെയ്താണ് കുമ്പളയിലെത്തിയത്. ഞായറാഴ്ച രാവിലെ 'കുമ്പള വാർത്ത' റിപ്പോർട്ടർ അബ്ദുല്ലത്തീഫ് കുമ്പളയോടൊപ്പം പെർവാട് സി.സി.ഡേയിൽ അല്പസമയം ചിലവഴിക്കുകയും  കുനോയുടെ യാത്രാനുഭവങ്ങൾ 'കുമ്പള വാർത്ത'യോട് പങ്ക് വെക്കുകയുമായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം മ്യൂണിക്കിലാണ്. ആശാരിയായിരുന്ന ഇദ്ദേഹം റിട്ടയേർഡ് ജീവിതം നയിക്കുന്ന സമയത്താണ് ലോകം മുഴുവൻ കാൽനടയായി കാണാൻ ആഗ്രഹമുദിക്കുന്നത്. ഇതിനകം 8800 കിലോമീറ്റർ നടന്ന ഈ സഞ്ചാരി ഇനി ഗോവ വഴി കാശ്മീരിലെത്തി ചൈന ജപ്പാൻ അമേരിക്ക വഴി നാട്ടിൽ തിരിച്ചെത്താനാണ് ആഗ്രഹിക്കുന്നത്. അപൂർവമായി ഹോട്ടലുകളിൽ മുറിയെടുക്കാറുണ്ടെങ്കിലും അമ്പലം, പള്ളികൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ആഥിത്യം ലഭിക്കാറാണ് പതിവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നും ലഭിച്ചില്ലെങ്കിൽ തന്റെ ട്രോളിക്കകത്തുള്ള ടെന്റിൽ അന്തിയുറങ്ങും. കേരളം ഭൂമിയിലെ സ്വർഗ്ഗമാണെന്നാണ് കുനോ പറയുന്നത്. അങ്ങിനെ കുനോ കുമ്പളയിൽ നിന്ന് ദേശീയ പാതക്കരികിലൂടെ ട്രോളിയും വലിച്ച് കുടയും പിടിച്ച് മുന്നോട്ട് നടന്ന് നീങ്ങി... അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക്...
german, tourists, at, kumbla, ksaaragod, news,