വ്യാപാര സ്ഥാപനങ്ങളുടെ വഴിയടച്ച് മത്സ്യ വിൽപന; വ്യാപാരികൾ പോലീസിൽ പരാതി നൽകി


കുമ്പള • വ്യാപാര സ്ഥാപനങ്ങളുടെ വഴിയടച്ച് മത്സ്യ വിൽപന നടത്തുന്നതിനെതിരെ വ്യാപാരികൾ പോലീസിൽ പരാതി നൽകി. ഇതിനു മുമ്പും നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും പോലീസിനും പരാതി നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ലെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. കുമ്പളയിലെ മാർക്കറ്റിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് തടസ്സമായിട്ടുള്ള നടുറോഡിലെ മത്സ്യ വിൽപനക്കെതിരേ നേരത്തെ പരാതി ഉയർന്നിരുന്നു. മത്സ്യവിപണിയുമായി സംബന്ധിച്ച് വ്യാപാരികളും മൽസ്യ കച്ചവടക്കാരും തമ്മിലുള്ള തർക്കം പലപ്പോഴും കയ്യാങ്കളിവരെ എത്തിയിരുന്നു.

പോലീസ് ഇടക്കിടെ നടുറോഡിലെ മത്സ്യ വിൽപന തടയാൻ നടപടിയെടുക്കുമെങ്കിലും അതിന്നു അൽപായുസ്സ് മാത്രമാണുള്ളതെന്നു വ്യാപാരികൾ പറയുന്നു. റംസാൻ തുടങ്ങിയതിന് ശേഷം മാർക്കറ്റിലും പരിസരങ്ങളിലും രാവിലെ മുതൽതന്നെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കാൽനട യാത്രക്കാർക്കും മറ്റും നടുറോഡിലെ മത്സ്യ കച്ചവടം ശല്യമാവുന്നു. മീൻവെള്ളം വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലൂടെ ഒഴുക്കുന്നതും ദുരിതമുണ്ടാക്കുന്നുണ്ട്. ആവശ്യക്കാർക്ക് വ്യപാരസ്ഥാപനങ്ങളിലേക്ക് കയറാൻ കഴിയാത്ത തരത്തിലാണ് മത്സ്യ വിൽപന നടത്തുന്നതത്രെ. സഹികെട്ട വ്യാപാരികൾ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും പഞ്ചായത്ത് അധികൃതർക്കും, പോലീസിനും പരാതി നൽകിയിട്ടുണ്ട്. പേരിനുള്ള നടപടിയല്ല മറിച്ചു ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും വ്യാപാരികൾ ആവശ്യപെടുന്നു.

fish, market, kumbla,kasaragod, fish, sale,