പോസ്റ്റ് ചെയ്താൽ തീരില്ല ഈ ആദരാഞ്ജലിയും ദുഃഖവും


ഡോ . ഷമീം മുഹമ്മദ് എഴുതുന്നു...

ആരോഗ്യ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ ഇപ്പോഴും സമൂഹത്തിന്റെ ശത്രുക്കളായാണ് പലരും കാണുന്നത്. എന്റെ ജീവിതത്തിൽ ഇതുപോലെ മരണങ്ങൾ കണ്ട് സ്തംഭിച്ച് നിന്ന് പോയിട്ടുണ്ട്. കോംഗോ ഫീവർ രോഗിയെ വെന്ററിലേട്ടറിലാക്കുമ്പോൾ പ്രൊട്ടക്ഷൻ കിറ്റ് കിട്ടാതെ രോഗിയെ ഇന്റുബേട്ട് ചെയ്ത് ആ രോഗം പിടിപെട്ട് മറഞ്ഞു പോയ മൃണാൽ ഭായ്, ഡെങ്കി പനി പിടിപെട്ട് ലീവ് ചോദിച്ച് കിട്ടാതെ ഡ്യൂട്ടി എടുത്ത് മരണമടഞ്ഞ കിരൺ .. കണ്ണീർ വരാതെ കണ്ണ് പൊള്ളിയിട്ടുണ്ട്, ചങ്ക് പിടഞ്ഞിട്ടുണ്ട്. കിരണിന്റെ ചലനമറ്റ ശരീരം നോക്കി എന്നെ തന്നെ ശപിച്ചിട്ടുണ്ട്, നിസ്സഹായാനായി നോക്കി നിൽക്കേണ്ടി വന്നതിൽ... 

പിന്നെ രോഗം പിടിപെട്ട കുറെ സഹപ്രവർത്തകർ. പന്നി പനി, ടിബി അങ്ങനെ നിരന്ന് കിടക്കുന്നുണ്ട് പല രോഗങ്ങളും. ലോകത്തെ എല്ലാ ആരോഗ്യ പ്രവർത്തകരും ജീവിതം വല്ലാതെ റിസ്കെടുത്താണ് ഓരോ രോഗിയെയും ശുശ്രൂഷിക്കുന്നത്., അറിയാതെ കൊള്ളുന്ന നീഡിൽ പ്രിക്കുകൾ, രോഗിയുടെ ദ്രവങ്ങളിലൂടെ പടരുന്ന രോഗങ്ങൾ., ശ്വാസത്തിലൂടെ പടരുന്നവ വേറെ .

എത്ര മുൻകരുതലുടുത്താലും, തിരക്കും ആരോഗ്യ മേഖലയിലെ പ്രവർത്തകരുടെ അഭാവവവും ഞങ്ങളെ വല്ലാതെ റിസ്കെടുക്കാൻ പ്രേരിപ്പിക്കാറുണ്ട്. പക്ഷെ ആ റിസ്കെടുക്കുമ്പോഴൊന്നും ഒരു മടിയും ഭൂരിപക്ഷം ആൾക്കാരും കാണിക്കാറില്ല.

അത് ചികിൽസിക്കുന്ന ഡോക്ടർ മുതൽ സ്‌ട്രെച്ചർ തള്ളുന്ന ചേച്ചി വരെ.. ഇങ്ങനെയൊക്കെ ചെയ്യുന്നത് വീട്ടിലെ പട്ടിണി മാത്രം ഓർത്തിട്ടാണെന്നും, അതിന് ഞങ്ങൾ കാശ് തെരുന്നില്ലേ എന്നും പറഞ്ഞ് പുച്ഛിക്കുന്നവരിൽ എത്ര ശതമാനം സ്വന്തം മാതാപിതാക്കളുടെ വിസർജനം കഴുകാൻ തയ്യാറാണെന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

ഇതൊക്കെ ചെയ്താലും ഏത് സമയത്തും കയറി വരാവുന്ന രോഗികളുടെ കൂടെ ഉള്ളവരുടെ ആക്രമണവും ..! എല്ലാം കൂടി ആകുമ്പോ ബലേ ബേഷ് ..!

ആരോഗ്യ മേഖലയിലെ കൂടുതൽ ചെലവിന്റെ പേരിൽ അച്ചാനും മുച്ചാനും ഞങ്ങളെ മനുഷ്യദ്രോഹികളാക്കി ചിരിക്കുന്നവർക്ക് ഇങ്ങനെയൊരു മരണം വേണ്ടി വന്നോ ഇതിലെ മഹത്വം തിരിച്ചറിയാൻ ..?

ആരോഗ്യ മേഖല ഇത്രയേറെ ചെലവുള്ളതാകാൻ കാരണം ആതുര സേവനം നടത്തിക്കൊണ്ട് പോകാൻ വേണ്ടി വരുന്ന ചെലവ് കൊണ്ടാണെന്നും ആ അധിക ചെലവ് മുഴുവനും ചൂഷണമല്ല എന്ന് മനസ്സിലാകാതെ ചെറിയ ഒരു ശതാമാനം ചൂഷണത്തിന്റെ പേരിൽ മുഴുവനാൾക്കാരെയും ക്രൂശിച്ച് പൊട്ടിച്ചിരിക്കുന്ന അഹങ്കാരത്തെ എന്താണ് വിളിക്കേണ്ടത്...?

ആ സേവനം സർക്കാർ ചിലവിൽ തന്റെ അവകാശമാണെന്ന് തിരിച്ചറിയാതെ കോർപ്പറേറ്റ് ഹോസ്പിറ്റലുകളിലെ ചൂഷണത്തിന്റെ മാത്രം കണക്കെടുക്കുന്നവനോട് ഒന്നും പറയാനില്ല .

പ്രിയ പെങ്ങളെ...

ചെയ്യുന്ന ജോലിക്ക് ശമ്പളം തന്നില്ല എന്നതിന്റെ പേരിൽ തെരുവിലിറങ്ങിയ നഴ്‌സുമാരെ നോക്കി മനുഷ്വത്വമില്ലാത്തവർ എന്ന് പറഞ്ഞവർ, സുഡാനി സിനിമയിലെ നഴ്സിനെ കളിയാക്കുന്ന സീൻ കണ്ട് പൊട്ടിചിരിച്ചവർ, ഇപ്പൊ നിനക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ അത്ഭുതം അരുത്.. കാരണം ഇത് കേരളമാണ് . ദൈവത്തിന്റെ സ്വന്തം നാടാണ്... 

നീ ഇന്നൊരു രക്തസാക്ഷി മാത്രമാവുന്നില്ല, ഈ രംഗത്തെ ഓരോ പ്രവർത്തകർക്കും നേരെ ഉണ്ടാകുന്ന അക്രമകാരികൾക്ക് ഒരോർമപ്പെടുത്തൽ കൂടിയാണ് ..!

proud of you..!

lini, nurse, kozhikkod, article, dr.shameem, news, kasaragod,