ബേക്കൽ കോട്ടയിൽ നിന്നും റാണി പുരത്തേക്ക് 'സ്കൈ വേ ബസ്' ;പദ്ധതി പരിഗണനയിൽ


കാഞ്ഞങ്ങാട് • ബേക്കൽ കോട്ടയിൽ നിന്നും റാണിപുരത്തേക്ക് ആകാശത്തു കൂടി സഞ്ചരിക്കാനുള്ള പദ്ധതി വരുന്നു. ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സ്കൈ വേ ബസ് (ആകാശ നൗക) പ്രപ്പോസലുമായി കാണിയൂർ റെയിൽ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എൻജിനീയർ ജോസ് കൊച്ചിക്കുന്നേൽ ആണ് മുമ്പോട്ട് വന്നിട്ടുള്ളത്. 

ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസർകോട് വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് ജോസ് കൊച്ചിക്കുന്നേൽ സമർപ്പിച്ചു. ബേക്കലിൽ നിന്ന് ആകാശമാർഗം പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് റാണിപുരത്തേക്ക് ചുരുങ്ങിയ ചെലവിൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള യാത്രാ മാർഗമാണു നിർദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ വിജയകരമായി സർവീസ് നടത്തുന്നുണ്ട്.

പാണത്തൂർ പാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് സ്റ്റീൽ റോപ്പ് ഘടിപ്പിച്ചാണ് ബസ് സർവീസ് നടത്തുന്നത്. ഇതിനു റോഡ് നിർമിക്കുന്നതിന്റെ പത്തിലൊന്ന് നിർമാണ ചെലവ് മാത്രമാണു വരുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സോളർ വൈദ്യുതിയിലാണ് പ്രവർത്തനം. മണിക്കൂറിൽ 500 കിലോമീറ്റർ വേഗത്തിൽ വരെ ഇത്തരം വാഹനത്തിന് സഞ്ചരിക്കാനാകും. റാണിപുരത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാൻ ഇതു മൂലം സഞ്ചാരികൾക്കാകും. റോഡിലെ ഗതാഗതത്തിരക്കും ബാധകമാകില്ല. പദ്ധതി ജില്ലയിലെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകുമെന്നതിനാൽ പദ്ധതിയിൽ മന്ത്രി താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
bekal-fort-to-ranipuram-sky-way-bus, kasaragod, news,