പോലീസ് തിരയുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവ് കുക്കാർ ഷബീർ കോടതിയിൽ കീഴടങ്ങി


ബന്തിയോട് • മംഗൽപ്പാടി, കുക്കാറിലെ ഷേഖാലിയുടെ മകൻ മൊയ്തീൻ ഷബീർ എന്ന കുക്കാർ ഷബീർ (32)ആണ് കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. മഞ്ചേശ്വരം കാസർകോട്, കുമ്പള, ആദൂർ പൊലീസ് സ്റ്റേഷനുകളിലായി മൊയ്തീൻ ഷബീറിനു വാറന്റുകളുള്ളതായി പൊലീസ് പറഞ്ഞു. 2015 സെപ്തംബർ 9ന് കലന്തർ ഷാഫി എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിൽ വാറന്റായതിനെ തുടർന്ന് മൊയ്തീൻ ഷബീറിനെ പിടികൂടാൻ കുമ്പള സി ഐ കെ പ്രേംസദൻ, അഡീഷണൽ എസ് ഐ പി വി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ നിരന്തരമായി റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പൊലീസിനു പിടികൊടുക്കാതെ പ്രതി ഒളിസങ്കേതങ്ങൾ മാറികൊണ്ടിരുന്നു. ഇതിനിടയിലാണ് നാടകീയമായ കീഴടങ്ങൽ. ഈവിവരം പൊലീസിനു ലഭിച്ചിരുന്നുവെങ്കിലും പൊലീസ് നീക്കം മണത്തറിഞ്ഞ പ്രതി, നിശ്ചയിച്ചതിലും നേരത്തെതന്നെ ഫസ്റ്റ് ക്ലാസ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കസ്റ്റഡിയിൽ കിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഭവനഭേദനം, കൊള്ള, വധശമം, നരഹത്യാശ്രമം തുടങ്ങി ഇരുപതോളം കേസുകളിൽ പ്രതിയായ മൊയ്തീൻ ഷബീറിനെ തേടി ഒരിക്കൽ കർണ്ണാടക പൊലീസും എത്തിയിരുന്നു. കാളയെ മോഷ്ടിച്ച കേസിൽ കറുപ്പൻ സിദ്ദീഖ് എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ നൽകിയ മൊഴി പ്രകാരമാണ് കർണ്ണാടക പൊലീസ് പ്രതിയെ തേടി എത്തിയത്.

bandiyod, arrest, news, kumbla, police station,